# 12ന് ട്രയൽ റൺ മുഖ്യമന്ത്രി
ഉദ്ഘാടനം ചെയ്യും
വിഴിഞ്ഞം: ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന പടുകൂറ്റൻ മദർഷിപ്പ് ഈ മാസം 11ന് വിഴിഞ്ഞം പുറംകടലിലെത്തും.
കണ്ടയ്നർ കപ്പൽ 12ന് ബെർത്തിലടുപ്പിച്ച് ട്രയൽ റൺ നടത്തും. ട്രയൽ റണ്ണിൻ്റെ ഉദ്ഘാടനം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണത്തിന് കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അതിന്റെ മുന്നോടിയായാണ്
ആദ്യകപ്പലിന്റെ വരവ്.
ട്രയൽ റണ്ണുമായി ബന്ധപ്പെട്ട
അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രയൽ റണ്ണിനായി ഒരു കപ്പൽ മാത്രമാണ് എത്തുന്നതെങ്കിലും കമ്മിഷനിംഗിന് മുമ്പും തുടർച്ചയായി കപ്പലുകൾ എത്തും. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ കമ്മിഷനിംഗ് ചടങ്ങിലേക്ക് ക്ഷണിക്കും. സംസ്ഥാനത്തിന്റെ സഹായം തുറമുഖത്തിന് ലഭ്യമാക്കാൻ നബാർഡ് വായ്പയെടുക്കും. കേന്ദ്രത്തിൽ നിന്നുള്ള വി.ജി.എഫ് കരാറിനായി ഈ മാസം ത്രികക്ഷി കരാർ ഒപ്പിടും. രണ്ടു വർഷത്തിനകം റെയിൽ കണക്ടിവിറ്റി സജ്ജമാക്കും.റിംഗ്റോഡും നിർമ്മിക്കും. പശ്ചാത്തല സൗകര്യങ്ങൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു.കമ്മിഷനിംഗിന് മുൻപ് തുറമുഖത്തെ എല്ലാ ആശങ്കകളും പരിഹരിക്കും. യോഗത്തിൽ മന്ത്രി സജി ചെറിയാൻ, എം.വിൻസെന്റ് എം. എൽ. എ, മേയർ ആര്യാ രാജേന്ദ്രൻ, വിസിൽ അധികൃതർ, അദാനി പോർട്ട്സ് അധികൃതർ എന്നിവർ പങ്കെടുത്തു.
ആദ്യ കപ്പലിൽ 1500
കണ്ടെയ്നറുകൾ
1500 കണ്ടെയ്നറുകളുമായാണ് ആദ്യ കൂറ്റൻ കപ്പൽ എത്തുന്നത്. 11ന് പുറംകടലിൽ എത്തുന്ന കണ്ടയ്നർ കപ്പലിന്റെ ബെർത്തിംഗ് സമയം നിശ്ചയിച്ചിട്ടില്ല. കണ്ടയ്നറുകൾ ഇറക്കിയശേഷം 24 മണിക്കൂറിനുള്ളിൽ തിരികെ പോകും. കപ്പലിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാകാനുണ്ട്. ഏതാനും ദിവസങ്ങൾക്കകം അത് ലഭിക്കും.
വെറും ട്രയലല്ല,
പ്രവർത്തനം തന്നെ
ആദ്യകപ്പൽ വരുന്നത് പരീക്ഷണാർത്ഥമല്ല. ആദ്യ കണ്ടെയ്നർഷിപ്പ് ഓപ്പറേഷനാണ് 12ന് നടക്കുന്നത്. ഇതോടെ തുറമുഖ പ്രവർത്തനം ആരംഭിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള കണ്ടയ്നറുകളുമായാണ് കപ്പൽ എത്തുന്നത്. ഇതുവരെ മറ്റ് രാജ്യങ്ങളിലെ തുറമുഖത്ത് ഇറക്കിയ ശേഷം ചെറുകപ്പലുകളിൽ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ ചെറുകപ്പലുകളിൽ മറ്റുസംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.