തിരുവനന്തപുരം: പതിറ്റാണ്ടുകൾക്കുശേഷം തലസ്ഥാന നഗരത്തിൽ പുതിയ മാസ്റ്റർ പ്ലാൻ. നഗരസഭയുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കി.ഗസറ്റിൽ വിജ്ഞാപനം ചെയ്തശേഷം 10 ദിവസത്തിനുള്ളിൽ മാസ്റ്റർപ്ളാൻ പ്രാബല്യത്തിലാകും.100 വാർഡുകളും ഉൾപ്പെടുത്തി ആദ്യമായാണ് മാസ്റ്റർ പ്ലാൻ വരുന്നത്.ഫെബ്രുവരിയിൽ തന്നെ കരട്‌ നഗരസഭാ കൗൺസിൽ അംഗീകരിച്ചിരുന്നെങ്കിലും സർക്കാരിന്റെ അന്തിമ വിജ്ഞാപനം വന്നതിപ്പോഴാണ്. ഇനി കെട്ടിട നിർമ്മാണമടക്കമുള്ള അനുമതികളെല്ലാം ഈ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയാവും നൽകുക.
2014ൽ പുറത്തിറക്കിയ കരട് മാസ്റ്റർ പ്ലാൻ സ്ഥലമേറ്റെടുക്കൽ വിവാദത്തെ തുടർന്ന് സർക്കാർ മരവിപ്പിക്കുകയായിരുന്നു. കാട്ടായിക്കോണം മേഖലയിൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കൽ നിർദ്ദേശം വന്നതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടത്. 1972ൽ തയ്യാറാക്കി 1986ൽ നവീകരിച്ച മാസ്റ്റർപ്ലാനാണ് ഇതിന് മുമ്പുപയോഗിച്ചിരുന്നത്. 2018ൽ പുതിയ താത്കാലിക വികസന നിയമം കൊണ്ടുവന്നതാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നടപടികൾ തുടങ്ങിയത്. രണ്ട്‌ കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.കരട് പ്രസിദ്ധീകരിച്ചപ്പോൾ കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ചില പുതിയ നിർദ്ദേശങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായി.റോഡുകളുടെ വീതിക്കനുസരിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ നിർദ്ദേശമാണ് എതിർപ്പിനിടയാക്കിയത്. പരാതികൾ വന്നതോടെ വിവാദ നിർദ്ദേശങ്ങൾ പിൻവലിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. കരടിൽ കോർപ്പറേഷൻ വരുത്തിയ ഭേദഗതികൾ ഉൾപ്പെടുത്തിയാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

റോഡ് വികസനം

പുതിയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയാണ്‌ റോഡ് വികസനമടക്കമുള്ള കാര്യങ്ങൾക്ക് പദ്ധതി തയ്യാറാക്കേണ്ടത്. പൈതൃകമേഖല,ഹരിതമേഖല എന്നിവയെല്ലാം ഇതിനെ അടിസ്ഥാനമാക്കിയാവും കണക്കാക്കുക. പഴയ വികസന പദ്ധതികളെല്ലാം മാസ്റ്റർ പ്ലാൻ വരുന്നതോടെ ഇല്ലാതാവും.

രണ്ട് സോണുകൾ

മാസ്റ്റർപ്ലാൻ പ്രകാരം 2 സോണുകളായി തിരിച്ച നഗരസഭയെ 25 സോണുകളായി വീണ്ടും തിരിച്ചിട്ടുണ്ട്.ഇൻഡസ്ട്രിയൽ,ടൂറിസം,ഐടി സെക്ടർ,റസിഡൻഷ്യൽ എന്നിങ്ങനെയുള്ള പ്രത്യേക മേഖലകൾ അനുസരിച്ചും മുൻഗണനകളും അടിസ്ഥാനമാക്കിയാണ് സോണുകൾ നിശ്ചയിച്ചിരിക്കുന്നത്. മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് മൂന്ന് പ്രത്യേക സോണുകൾ നീക്കിവച്ചിട്ടുണ്ട്.കോട്ട,കവടിയാർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൈതൃക മേഖലയുമുണ്ട്.തുറസായവും ഹരിതാഭവുമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കരട് മാസ്റ്റർ പ്ലാനിൽ കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ 'നിർമ്മാണ രഹിത' മേഖലകളായി രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ, സോണുകളിൽ നിർമ്മാണത്തിനായി പുതിയ പാർക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വികസനത്തിന് നിയന്ത്രണങ്ങളുണ്ടാകും.നഗരത്തിനുള്ളിലെ ഗ്രീൻ സോണുകളിലും ജലാശയങ്ങളിലും സംരക്ഷണ പദ്ധതികളുണ്ടാകും.

പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം പരിഹരിച്ചാണ് പുതിയ മാസ്റ്റർപ്ളാൻ തയ്യാറാക്കിയത്.ഈ ഭരണസമിതിയുടെ കാലത്ത് പുതിയ മാസ്റ്റർപ്ളാനിന് അംഗീകാരം ലഭിച്ചതിൽ അഭിമാനം.

മേയർ ആര്യാ രാജേന്ദ്രൻ