തിരുവനന്തപുരം: അഴിമതിയും കെടുകാര്യസ്ഥതയും പിടിക്കപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ രംഗത്ത്. നടപടി പുന: പരിശോധിക്കണമെന്നാണ് ആവശ്യം.ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി വ്യാപകമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽപ്പരിശോധന നടന്നത്. പരാതി സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ 11 ക്ളർക്കുമാരും രണ്ട് ഓഫീസ് അസിസ്റ്റന്റുമാരുമടക്കം 13 പേരെ സ്ഥലംമാറ്റി. നടപടി നേരിട്ടവരിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവരുണ്ട്.

അഴിമതി വ്യക്തമായതിന് പിന്നാലെയാണ് നടപടിയെങ്കിൽ തങ്ങൾ എതിർക്കില്ലെന്ന് വ്യക്തമാക്കിയ എൻ.ജി.ഒ അസോസിയേഷൻ കൂട്ടസ്ഥലംമാറ്റം പുന: പരിശോധിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടു.സംഭവത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്രിൻകര ബ്രാഞ്ച് കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി.മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.മാർച്ച് നെയ്യാറ്റിൻകര നഗരസഭാ പ്രതിപക്ഷനേതാവ് ജോസ് ഫ്രാങ്ക്‌ളിൻ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.എസ് രാഘേഷ്, നേതാക്കളായ അരുൺദാസ്, എസ്. ഷാജി, ആർ.കെ ശ്രീകാന്ത്, ഷിബു ഷൈൻ, എസ്.ഒ. ഷാജികുമാർ, ഷൈജി ഷൈൻ തുടങ്ങിയവർ സംസാരിച്ചു.