നെയ്യാറ്റിൻകര: ബാലരാമപുരം കൊടിനട മുതൽ കളിയിക്കാവിള വരെയുള്ള ദേശീയപാത വികസനം മുടങ്ങിയതോടെ ഇതുവഴിയുള്ള യാത്രയും പതുക്കെയായി.
തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന നാലുവരിപ്പാത ബാലരാമപുരം വരെ പൂർത്തിയായെങ്കിലും തിരക്ക് ഒഴിവാകുന്നില്ല. നെയ്യാറ്റിൻകര, കോവളം, പാറശാല എം.എൽ.എമാർ പണി പുരോഗമിക്കാൻ മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കഴക്കൂട്ടം-കാരോട് ബൈപ്പാസ് കേരളത്തിന്റെ ഭാഗം പൂർണമായെങ്കിലും ഭാരമേറിയ വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടില്ല. ബൈപ്പാസ് കേരള അതിർത്തിയിൽ അവസാനിക്കും.
തമിഴ്നാട് ഭാഗത്തേക്കുള്ള പാതയുടെ പണി മന്ദഗതിയിലാണ്. 2010 നവംബർ 16ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ പാപ്പനംകോട് തറക്കല്ലിട്ട് ആരംഭിച്ച കരമന കളിയിക്കാവിള പാതവികസനം 15വർഷം ആകുമ്പോഴേക്കും 11കിലോമീറ്ററേ വികസിപ്പിച്ചിട്ടുള്ളൂ.
2011ൽ ഉമ്മൻചാണ്ടി സർക്കാർ പ്രാവച്ചമ്പലം വരെ റോഡ് വികസനം 30.2 മീറ്ററിൽ നടപ്പിലാക്കിയപ്പോൾ 2016ലെത്തിയ ഒന്നാം പിണറായി സർക്കാർ അഞ്ചുവർഷം കൊണ്ട് ബാലരാമപുരം കൊടിനട വരെയുള്ള വികസനമാണ് നടപ്പാക്കിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി മൂന്ന് വർഷം പിന്നിട്ടിട്ടും മൂന്നാംഘട്ടവും തടസപ്പെട്ടുതന്നെ നിൽക്കുകയാണ്.
റോഡ് വികസനത്തിനായി പ്രവർത്തിക്കുന്ന കരമന കളിയിക്കാവിള ദേശീയപാത വികസന ആക്ഷൻ കൗൺസിലിന്റെ സമ്മർദ്ദത്തിൽ ബാലരാമപുരം വരെയെത്തിയ റോഡ് വികസനമാണ് മൂന്നുവർഷമായി പൂർണമായും സ്തംഭിച്ചിരിക്കുന്നത്. ബാലരാമപുരം കടന്ന് വഴിമുക്ക് വരെയുള്ള ഭൂമി ഏറ്റെടുക്കൽ റവന്യൂ വകുപ്പ് പൂർത്തീകരിച്ചാലേ റോഡ് വികസിപ്പിക്കാനാകൂ.
അട്ടിമറിയോ
ബാലരാമപുരം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സർക്കാർ നിശ്ചയിച്ച വിഴിഞ്ഞം കാട്ടാക്കട റോഡിലെ അണ്ടർപാസ് നിർമ്മാണം അട്ടിമറിക്കപ്പെട്ടപ്പോൾ ബാലരാമപുരം നെയ്യാറ്റിൻകര റോഡിൽ അണ്ടർപാസിന് തീരുമാനമെടുത്തു. ഇപ്പോഴതും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കാണ് ബാലരാമപുരം ജംഗ്ഷനിൽ ഉണ്ടാകാൻ പോകുന്നത്.
പ്രക്ഷോഭം ശക്തമാക്കും
കരമന-കളിയിക്കാവിള പാത വികസനത്തിനോട് സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കരമന-കളിയിക്കാവിള പാതവികസന ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രനും ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാറും അറിയിച്ചു.
നടപടി ഉണ്ടാകാതെ
പാത വികസനത്തിന്റെ നാലാംഘട്ടമെന്ന നിലയിൽ സർക്കാർ പ്രഖ്യാപിച്ച വഴിമുക്ക് -കളിയിക്കാവിള പാത വികസനത്തിനായി 119കോടി രൂപ അനുവദിച്ചതായി മന്ത്രിയുടെ അറിയിപ്പുണ്ടായിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഭൂമി ഏറ്റെടുക്കൽ ആരംഭിക്കണമെങ്കിൽ ഫൈനൽ അലൈൻമെന്റ് പൂർത്തിയാക്കണം. എന്നാൽ അലൈൻമെന്റും അംഗീകരിച്ചിട്ടില്ല. പാതയുടെ ഇരുവശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളും പതിനായിരക്കണക്കിന് യാത്രക്കാരുമാണ് ഇതിന്റെ ദുരന്തം അനുഭവിക്കുന്നത്.
ഓരോ പ്രാവശ്യവും നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച സബ്മിഷനുകൾ വരാറുണ്ടെങ്കിലും വാഗ്ദാനങ്ങളിലൊതുങ്ങും മന്ത്രിയുടെ മറുപടിയും. സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിച്ചാലേ വികസനം പൂർത്തിയാക്കാനാകൂ. ഈ പാതയിലെ എം.എൽ.എമാർ ഇക്കാര്യത്തിൽ പുലർത്തുന്ന നിസംഗതയും ഒരുവിധത്തിൽ തടസമായിട്ടുണ്ട്.