vizhinjam

പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്പ്‌മെന്റ് തുറമുഖത്ത് ഈ മാസം 11-ന് ഡെന്മാർക്കിൽ നിന്നുള്ള കൂറ്റൻ ചരക്കുകപ്പൽ എത്തുകയാണ്. തുറമുഖത്തിന്റെ പ്രവർത്തനം ഔപചാരികമായി ഓണക്കാലത്ത് തുടങ്ങുന്നതിനു മുന്നോടിയായുള്ള പരീക്ഷണ ചരക്കു കൈകാര്യം ചെയ്യലാണ് നടക്കാൻ പോകുന്നത്. 11-ന് പുറം കടലിൽ നങ്കൂരമിടുന്ന ഡെന്മാർക്ക് കപ്പൽ 12-ന് തുറമുഖത്തെ വാർഫിലെത്തിക്കും. അതിന് അതിഗംഭീര സ്വീകരണമൊരുക്കാനുള്ള സർക്കാർ തല ഏർപ്പാടുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞത്തെത്തുന്ന ആദ്യ മദർഷിപ്പിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്ഥ പ്രമുഖരും പൊതുജനങ്ങളും വിഴിഞ്ഞത്തെത്തും. ഏതു നിലയിലും സ്വീകരണച്ചടങ്ങുകൾ വർണ്ണാഭമാക്കാനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. തിരുവനന്തപുരം ജില്ലയ്ക്കെന്നല്ല സംസ്ഥാനത്തിന്റെ വ്യാവസായിക മുഖച്ഛായ തന്നെ മാറ്റിവരയ്ക്കാൻ പര്യാപ്തമാകുന്ന വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതോടെ കൈവരുന്ന വലിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് സർക്കാരും ജനങ്ങളും.

തുറമുഖ പ്രവർത്തനങ്ങൾ ഔപചാരികമായി ആരംഭിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളെല്ലാം റെഡിയായിക്കഴിഞ്ഞു. ഇതിനാവശ്യമായ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികളും ലഭ്യമായിട്ടുണ്ട്. കണ്ടെയ്‌നറുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമായി കൂറ്റൻ ക്രെയിനുകളും സജ്ജീകരിച്ചിട്ടുണ്ട്. പുലിമുട്ട്, കപ്പലടുക്കാനുള്ള ബർത്ത് എന്നിവ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. തുറമുഖത്തുനിന്ന് ചരക്കു പുറത്തേക്ക് കൊണ്ടുപോകാനുള്ള റോഡുകളുടെ കുറച്ചുഭാഗം ഇനിയും പൂർത്തിയാകാനുണ്ട്. അതുപോലെ പോർട്ടിൽ നിന്ന് ബാലരാമപുരത്തേക്കുള്ള ഭൂഗർഭ റെയിൽപാതയുടെ നിർമ്മാണവും തുടങ്ങിയിട്ടില്ല. അതിനുള്ള കേന്ദ്രാനുമതി ലഭിച്ചിട്ടേയുള്ളൂ.

കേവലം ചരക്കു കയറ്റിറക്കുമതിക്കപ്പുറം ഇതുപോലൊരു വലിയ തുറമുഖം വരുമ്പോൾ അതുമായി ബന്ധപ്പെട്ട് നാനാപ്രകാരേണയുള്ള വികസന സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള അടിയന്തര നടപടികളാണ് ഇനി ഉണ്ടാകേണ്ടത്. സർക്കാർ ആഭിമുഖ്യത്തിൽ മാത്രമല്ല സ്വകാര്യ മേഖലയും പൂർണതോതിൽ ഇതുമായി സഹകരിക്കേണ്ടതുണ്ട്. തുറമുഖത്തു മാത്രം ഒതുങ്ങുന്നതല്ല വികസന സാദ്ധ്യതകൾ. പരോക്ഷമായി തുറമുഖവുമായി ബന്ധപ്പെട്ട് വലുതും ചെറുതുമായ അനവധി സംരംഭങ്ങൾ വളർന്നുവരേണ്ടതുണ്ട്. അവയിൽ പതിനായിരക്കണക്കിനു തൊഴിലവസരങ്ങളും ഉണ്ടാകും. വിഴിഞ്ഞം മുതൽ വടക്കോട്ടുള്ള തീരദേശ വികസനത്തിനും ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും തുറമുഖം നിമിത്തമാകേണ്ടതാണ്. വിഴിഞ്ഞം തുറമുഖം ടൂറിസം മേഖലയുടെ വളർച്ചയ്ക്കും അവസരങ്ങളൊരുക്കും. അന്താരാഷ്ട്ര കപ്പൽച്ചാലിന് ഏറ്റവുമടുത്തു സ്ഥിതിചെയ്യുന്ന സ്വാഭാവിക തുറമുഖമെന്ന നിലയ്ക്ക് വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിയുന്ന വിദേശ കപ്പൽ കമ്പനികൾ ഇതിനകം തന്നെ ഇങ്ങോട്ട് ചരക്ക് എത്തിക്കാൻ ഉത്സാഹം പ്രകടിപ്പിച്ചുകഴിഞ്ഞു. തുറമുഖം പ്രവർത്തിച്ചു തുടങ്ങുമ്പോൾ വിവിധ നികുതി - സേവന ഇനങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വലിയ വരുമാനം പ്രതീക്ഷിക്കാം.

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടമാണ് സെപ്തംബറിൽ കമ്മിഷൻ ചെയ്യുന്നത്. രണ്ടും മൂന്നും ഘട്ടങ്ങൾ സമയപരിധിവച്ച് പൂർത്തിയാക്കേണ്ടതുണ്ട്. ഇനിയുള്ള പത്തുവർഷം തുറമുഖം പരമാവധി പ്രയോജനപ്പെടുത്താനുള്ള കർമ്മപരിപാടികളെക്കുറിച്ച് തുറമുഖ നടത്തിപ്പുകാരും സർക്കാരും ആലോചിച്ച് തീരുമാനങ്ങൾ എടുക്കണം. നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡ് വേഗം പൂർത്തിയാക്കുന്നതിനൊപ്പം പാതയ്ക്കിരുവശവും വ്യവസായ ഇടനാഴിയായി വികസിപ്പിക്കുകയും വേണം. തുറമുഖ പ്രവർത്തനങ്ങൾക്കാവശ്യമായ ഒട്ടനവധി ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങാനാവും. ഗതാഗത മേഖലയ്ക്കും അവസരങ്ങൾ ഏറെയാണ്. തുറമുഖം വളരുന്നതിനൊപ്പം തൊട്ടടുത്തുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രസക്തിയും വർദ്ധിക്കുകയാണ്. എയർപോർട്ട് വികസനത്തിനുള്ള തടസ്സങ്ങൾ നീക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം. ഇവിടെ നിന്നുള്ള കാർഗോ കയറ്റുമതി തുറമുഖം വരുമ്പോൾ ഇപ്പോഴത്തേതിന്റെ പല മടങ്ങാകും. അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ഒട്ടേറെ സാങ്കേതിക ജീവനക്കാരുടെ ആവശ്യം വരും. അഭ്യസ്തവിദ്യരുടെ നാടാണെങ്കിലും ഇതിനുള്ള പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ ഇവിടെ ഇല്ല. മറൈൻ കോഴ്‌സുകൾ പഠിപ്പിക്കുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങൾ തുടങ്ങാൻ സാങ്കേതിക വകുപ്പും സാങ്കേതിക സർവകലാശാലയും മുന്നോട്ടു വരണം. വലിയൊരു തുറമുഖം വരുമ്പോഴുണ്ടാകുന്ന വലിയ തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇപ്പോഴേ ശ്രമം തുടങ്ങണം. തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന യുവജനങ്ങൾക്ക് വിഴിഞ്ഞം പ്രതീക്ഷ പകരണം.