കടയ്ക്കാവൂർ: ആലംകോട് - മീരാൻകടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതത്തിന് പകരം നൽകിയ മാടൻനട റോഡ് തകർന്ന നിലയിൽ. ഈ വഴി യാത്രചെയ്യാൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിർമ്മാണം പുരോഗമിക്കുന്ന ആലംകോട് - മീരാൻകടവ് റോഡിൽ ചെക്കാലവിളാകം മുതൽ മീരാൻകടവ് വരെ വെള്ളിയാഴ്ച രാവിലെ മുതലാണ് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചെക്കാലവിളാകം ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളാണ് മാടൻനട റോഡിലൂടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വഴി പോകണമെന്ന് അധികൃതർ പറഞ്ഞത്. എന്നാൽ, ഈ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. ഇവിടുത്തെ കുഴികൾ പോലും അടയ്ക്കാതെയാണ് ഇതുവഴി വാഹനങ്ങൾ വഴി തിരിച്ചു വിടുവാൻ തീരുമാനിച്ചത്.
നിലവിൽ ഈ രോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഓട്ടോറിക്ഷപോലും വരാൻ മടിക്കുന്ന വഴിയാണ് മാടൻനട - കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ റോഡ്. എത്രയും പെട്ടെന്ന് ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ ആലംകോട് - മീരാൻകടവ് റോഡിന്റെ നിർമ്മാണം തടഞ്ഞുകൊണ്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ പറഞ്ഞു.