തിരുവനന്തപുരം: പേര് ജില്ലാ മാതൃകാ ആശുപത്രി.എന്നാൽ ഇത്തരമൊരു മാതൃക മറ്റൊരിടത്തും ഉണ്ടാകരുതേയെന്ന അപേക്ഷയാണ് രോഗികൾക്കുള്ളത്.പറഞ്ഞ് വരുന്നത് പേരൂർക്കട ജില്ലാ ആശുപത്രിയെക്കുറിച്ചാണ്.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ കാരണം പ്രവർത്തനങ്ങളാകെ അവതാളത്തിലായിട്ട് നാളുകളേറെയായി.ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം ആശുപത്രിയിലെത്തുന്ന രോഗികൾ ബുദ്ധിമുട്ടുകയാണ്.
പനിക്കാലമായതോടെ ചികിത്സയ്ക്ക് എത്തുന്നവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. നൂറുകണക്കിന് രോഗികളാണ് ദിവസവും എത്തുന്നത്.എന്നാൽ ആവശ്യത്തിന് കൗണ്ടറുകൾ ഇല്ലാത്തതിനാൽ മണിക്കൂറുകൾ കാത്ത് നിന്നാലും ഒ.പിയിൽ നിന്ന് ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടാണ്.കൂടുതൽ ഒ.പി കൗണ്ടറുകളോ,പനി ക്ലിനിക്കോ തുറക്കണമെന്നാവശ്യത്തിനും പരിഹാരമായില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം ശസ്ത്രക്രിയകൾ പോലും മാറ്റി വയ്ക്കേണ്ടി വരുന്നതായും പരാതിയുണ്ട്.ഗൈനക്കോളജി,പീഡിയാട്രിക് വിഭാഗങ്ങളിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും കുറവുണ്ട്.കിടത്തി ചികിത്സയ്‌ക്കുള്ള സൗകര്യം പരിമിതമായതിനാൽ കെട്ടിടം വിപുലീകരിക്കണമെന്നാവശ്യവും ശക്തമാണ്.പാലിയേറ്റീവ് കെയർ കെട്ടിടം തുറന്ന് പ്രവർത്തിക്കാത്തതിനെതിരെയും പരാതിയുണ്ട്.
പ്രധാന പോരായ്മകൾ
1) ജീവനക്കാരുടെ കുറവ്
2) ഒ.പി കൗണ്ടറുകൾ കുറവ്
3) അടിസ്ഥാന സൗകര്യങ്ങളുമില്ല
രാത്രിയിൽ കഷ്ടം
രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. 24 മണിക്കൂറും രക്തപരിശോധന ലാബ്,എക്സ്റേ,ഇ.സി.ജി പരിശോധനയ്ക്കും സൗകര്യമില്ലാത്തതും പോരായ്മയാണ്.രാത്രിയിൽ നെഞ്ചുവേദനയുമായി എത്തുന്നവരെ ഇ.സി.ജി പരിശോധന നടത്താൻ സൗകര്യമില്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കോ, മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്.
അത്യാഹിത വിഭാഗത്തിലും
ഡോക്ടർ ക്ഷാമം
അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ കുറവ് പരിഹരിക്കണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. എന്നാൽ പുതിയ നിയമനം നടത്താൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പേ വിഷബാധയ്‌ക്ക്
കുത്തിവയ്പില്ല
പേവിഷബാധയ്ക്കുള്ള കുത്തിവയ്പിനും ഇവിടെ സൗകര്യമില്ല.പട്ടിയോ പൂച്ചയോ കടിച്ച് ചികിത്സയ്‌ക്കായി എത്തുന്നവരെ ജനറൽ ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നത്.