തിരുവനന്തപുരം : തദ്ദേശ, ഉപതിരഞ്ഞെടുപ്പുകൾക്കു മുമ്പ് പാർട്ടിയെ ഊർജ്ജസ്വലമാക്കാൻ കെ.പി.സി.സി ഭാരവാഹികളുടെ പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളിലേക്ക് യുവാക്കളെയടക്കം പരിഗണിക്കും. പാർട്ടിയെ ചെറുപ്പമാക്കി സംഘടനാസംവിധാനത്തെ പൂർണതോതിൽ ചലിപ്പിക്കാനാണ് ഒരുങ്ങുന്നത്. പാർട്ടി അദ്ധ്യക്ഷൻ കെ.സുധാകരന് ഇപ്പോൾ മാറ്റമുണ്ടാവില്ല. പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്ക് 16ന് വയനാട്ടിൽ തുടങ്ങുന്ന നേതൃക്യാമ്പിൽ തുടക്കമാവും.
കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കെ.പി.സി.സി ട്രഷറർ സ്ഥാനത്തും നിയമനം നടക്കും. വർക്കിംഗ് പ്രസിഡന്റായിരുന്ന പി.ടി. തോമസ് അന്തരിച്ച ഒഴിവിൽ ലോക്സഭ തിരഞ്ഞെടുപ്പിനു മുമ്പ് ടി.എൻ. പ്രതാപനെ നിയമിച്ചിരുന്നു. നിലവിൽ പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവായ കൊടിക്കുന്നിൽ സുരേഷ് എം.പി വർക്കിംഗ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ അവിടെയും പുതിയ ആളെത്തും. ചില ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഡി.സി.സി തലത്തിൽ അഴിച്ചുപണിയുണ്ടായാൽ 14 ജില്ലകളിലും പ്രസിഡന്റുമാർക്കും ഭാരവാഹികൾക്കും മാറ്റമുണ്ടാവാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.
കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ ജംബോ കമ്മിറ്റിയാണ് നിലവിലുള്ളത്. ഇതിനു മാറ്റം വരുത്തണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. സംഘടനയെ ചടുലമാക്കാൻ കഴിയുന്നവരെ ചുമതലയേൽപ്പിക്കണമെന്നാണ് മുതിർന്ന നേതാക്കളടക്കം ആവശ്യപ്പെടുന്നത്. സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരരുതെന്നും നിർദ്ദേശമുണ്ട്.
ഗ്രൂപ്പിനതീതമായാണ് നിയമനമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ നേതാക്കളുടെയും അഭിപ്രായം പരിഗണിച്ചാവും പുനഃസംഘടന. സംഘടനാദൗർബല്യങ്ങളുണ്ടായിട്ടും ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം കൊണ്ടാണെന്ന് പാർട്ടിയും നേതാക്കളും വിലയിരുത്തിയിരുന്നു. അതിനാലാണ് നേതൃതലം മുതൽ താഴേത്തട്ടു വരെ പുനഃസംഘടന അനിവാര്യമാണെന്ന ആവശ്യം ഗ്രൂപ്പുകൾക്കതീതമായി ഉയർന്നത്.