തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. 18 ന് ഉമ്മൻ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കും. ജില്ലയിലെ 1546 വാർഡുകളിലാണ് ഉമ്മൻ ചാണ്ടി സ്‌നേഹസ്പർശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിവസമായ 18ന് രാവിലെ എട്ടിന് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തും. രാവിലെ 9.30ന് ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും 10ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം :സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും.വൈകിട്ട് 3.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.ഉമ്മൻചാണ്ടി സ്‌നേഹസ്പർശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം.എം.ഹസൻ നിർവഹിക്കും. ഉമ്മൻ ചാണ്ടി ജീവകാരുണ്യ പുരസ്‌കാര വിതരണം ഡോ.ശശി തരൂർ എം.പി നിർവഹിക്കും.