തിരുവനന്തപുരം: സർക്കാർ അനുമതി ലഭിച്ച നഗരസഭ മാസ്റ്റർപ്ളാനിൽ കെട്ടിടങ്ങൾക്ക് ഇളവ് നൽകിയത് പുതിയ വികസനപ്രതീക്ഷ നൽകുന്നു. മാസ്റ്റർപ്ളാനിൽ റോഡുകളുടെ വീതിക്കനുസരിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിന് ശുപാർശ ചെയ്തിട്ടുള്ള നിയന്ത്രണങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതും വികസനത്തിന് മുതൽക്കൂട്ടാകും. പുതിയ സ്ഥിതി അനുസരിച്ച് സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി കെട്ടിടങ്ങൾ നിർമ്മിക്കാം. നിലവിൽ ഓഫീസുകൾ വീടിനോടു ചേർന്ന് പലരും നിർമ്മിക്കുന്നുണ്ട്. ഇതുകൂടാതെ ഓഫീസ് കെട്ടിടങ്ങൾക്കായി മാത്രമുള്ള സമുച്ഛയങ്ങളും ഉയരും. മാസ്റ്റർപ്ലാനിലെ നിയന്ത്രണങ്ങളെ തുടർന്ന് പല വമ്പൻ നിക്ഷേപകരും ഇവിടെ പണം മുടക്കിയാൽ നഷ്ടമുണ്ടാകുമെന്ന് കണക്കിലെടുത്ത് നിക്ഷേപം പിൻവലിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു.
തലസ്ഥാനത്തെ വലിയ വികസന പദ്ധതികളായ വിഴിഞ്ഞം തുറമുഖം,വ്യവസായിക ഇടനാഴി തുടങ്ങിയവ യാഥാർത്ഥ്യത്തിലെത്തുമ്പോൾ കെട്ടിടനിർമ്മാണത്തിന് ഈ രീതിയിൽ നിയന്ത്രണം വന്നാൽ വികസനത്തിന് തിരിച്ചടിയാകുമായിരുന്നു. സർക്കാർ തലത്തിൽ നടന്ന ചർച്ചയിൽ ബിൽഡർമാർ ഉന്നയിച്ച കാരണങ്ങൾ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണത്തിൽ ഭേദഗതി വരുത്തിയത്.
കെട്ടിട നിർമ്മാണം
ഭേദഗതി ഇങ്ങനെ
കേരള മുൻസിപ്പൽ ചട്ടമനുസരിച്ച് നഗരഭാഗത്തോ പ്രധാന ഏരിയായിലോ കെട്ടിടങ്ങളുടെ ഫ്ലോർ ഏരിയാ അനുപാതം 3 സ്‌ക്വയർ മീറ്റെറെന്നത് രണ്ടായി ചുരുക്കിയിരുന്നു. ജനവാസ മേഖലയിൽ ഫ്ലോർ ഏരിയാ അനുപാതം മൂന്ന് സ്‌ക്വയർ മീറ്റെറെന്നത് 2.5യാക്കി കുറച്ചു. ഇതും പിൻവലിച്ചു.മുൻപ് 5 മീറ്റർ റോഡിന് സമീപത്ത് 8000 സ്ക്വയർ മീറ്റർ കെട്ടിടം നിർമ്മിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പുതിയ കരട് മാസ്റ്റർപ്ളാനിൽ അതിന് മാറ്റം വരുത്തി 1000മാക്കി ചുരുക്കി. ഇതുകൂടാതെ 7 മീറ്റർ റോഡിൽ 24000 എന്നുള്ളത് 4000മാക്കിയും ചുരുക്കിയിരുന്നു. ഇത് വൻകിട ബിൽഡർമാർക്ക് തിരിച്ചടിയായി. തുടർന്നാണ് ബിൽഡർമാർ നഗരസഭയെയും തദ്ദേശവകുപ്പിനെയും സമീപിച്ചത്.
സ്വകാര്യ ഭൂമി ഏറ്റെടുത്താൽ
വെറുതെ ഇടാൻ പാടില്ല
മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള വികസനങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്താൽ രണ്ട് വർഷത്തിനുള്ളിൽ അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്ന വികസനപദ്ധതി എന്താണെന്നുള്ള വിവരം പ്രസിദ്ധീകരിക്കണം.അല്ലാത്തപക്ഷം ഭൂമി തിരികെ വിട്ടുകൊടുക്കണമെന്നാണ് നിബന്ധന.തുടർന്ന് ഉടമസ്ഥന് ആ ഭൂമി ക്രയവിക്രയം ചെയ്യാം.പ്രത്യേക വികസന പദ്ധതിക്കു വേണ്ടി നിലവിൽ 405 ഏക്കറോളം ഭൂമിയാണ് 71 വാർഡുകളിലായി ഏറ്റെടുക്കാൻ രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു നിബന്ധന കരട് മാസ്റ്റർപ്ളാനിൽ ഉൾപ്പെടുത്തുന്നത്. മുൻകാലങ്ങളിൽ വികസനത്തിനു വേണ്ടി സ്വകാര്യ ഭൂമികൾ രേഖപ്പെടുത്തും. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഭൂമികളിൽ യാതൊരുവിധ വികസനവും നടപ്പാക്കില്ല. ഉടമസ്ഥന് ഭൂമി ക്രയവിക്രയം ചെയ്യാനും സാധിക്കില്ല.ഇതുകൂടാതെ ഭൂമിയുടെ നഷ്ടപരിഹാരത്തുകയും ലഭിക്കില്ലായിരുന്നു. ഇതൊഴിവാക്കാനാണ് പുതിയ നിബന്ധന. ആനയറയിൽ ഏറ്റെടുത്ത 105 ഏക്കർ സ്വകാര്യ ഭൂമിയിലെ പഴയ മാസ്റ്റർപ്ളാൻ നിർദ്ദേശങ്ങൾ മരവിപ്പിച്ചേക്കാനും സാദ്ധ്യതയുണ്ട്.