dr-divya-s-iyer

വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടിന്റെ എം.ഡി ഡോ.ദിവ്യ.എസ്.അയ്യർ കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിച്ചു.പ്രസക്തഭാഗങ്ങളിൽ നിന്ന്:-

 വിഴിഞ്ഞത്ത്

ആദ്യ മദർഷിപ്പ് എത്തുകയാണല്ലോ ?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് സമർപ്പിക്കാൻ തയാറെടുത്തുകഴിഞ്ഞു. 2000ലേറെ കണ്ടെയ്നറുകൾ വഹിച്ച് ചൈനയിലെ സിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖം ലക്ഷ്യമിട്ട് വരുന്ന മെഴ്സ്ക് കമ്പനിയുടെ സാൻ ഫെർണാണ്ടോ കപ്പൽ 11ന് പുലർച്ചെയെത്തും.തുറമുഖത്തിന്റെ ആഴക്കടലിൽ കപ്പൽ നങ്കൂരമിടുന്നത് മുതൽ കപ്പലുമായുള്ള ആശയവിനിമയം ആരംഭിക്കും. അതിനുശേഷം പൈലറ്റ് വെസൽ, മദർഷിപ്പിനെ അകമ്പടിസേവിച്ച് ആനയിച്ച് നമ്മുടെ തുറമുഖത്തേക്ക് കൊണ്ടുവരും. 30 മണിക്കൂർ കപ്പൽ ഇവിടെയുണ്ടാകും. സെമി ഓട്ടോമാറ്റിക്ക് ക്രെയിൻ ചരക്കുകൾ പൊക്കിയെടുക്കും. ട്രെയിലർ ട്രക്ക് അവയെ യാർഡിലേയ്ക്ക് കൊണ്ടുപോകും. ചൈനയിൽ നിന്നുള്ള മദർഷിപ്പിൽ ഇന്ത്യയിലും അടുത്തുള്ള രാജ്യങ്ങളിലും കൊടുക്കാനുള്ള ചരക്കുകളുണ്ടാകും. അതാത് രാജ്യങ്ങളിൽ നിന്നുള്ള ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് വന്ന് അവർക്ക് വേണ്ട സാധനങ്ങൾ കയറ്റിക്കൊണ്ട് പോകും. 12 നാണ്ഉദ്ഘാടനം. അടുത്ത ദിവസം തന്നെ ഫീഡർ കപ്പലും വരുന്നുണ്ട്

ഓണത്തിന് തുറമുഖം കമ്മിഷൻ ചെയ്യാനാകുമോ?

പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിനിൽക്കുകയാണ്. ഇതിനോടകം 31 ക്രെയിനുകൾ വന്നുകഴിഞ്ഞു. 2960 മീറ്റർ പുലിമുട്ട് നിർമ്മാണം പൂർത്തിയായി. കണ്ടെയ്നർ ബെർത്ത് 800 മീറ്റർ നിർമ്മിച്ചുകഴിഞ്ഞു. അതിനോട് ചേർന്നാണ് കപ്പലുകൾ നങ്കൂരമിടാൻ പോകുന്നത്. 400 മീറ്റർ ബെർത്ത് പ്രവർത്തനസജ്ജമായി. സോഫ്റ്റ്‌വെയർ സിസ്റ്റം,കൺട്രോൾറൂം എല്ലാം സജ്ജമാണ്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഇപ്പോൾ ട്രയൽറൺ നടത്തുന്നത്. ഓണത്തിന് ആദ്യ ഘട്ട തുറമുഖം കമ്മിഷൻ ചെയ്യാനാകും. ദീർഘകാലംകൊണ്ട് അഞ്ച് മദർ ഷിപ്പുകൾക്ക് വരെ ഒന്നിച്ച് തുറമുഖത്ത് പ്രവർത്തിക്കാനാകും. എല്ലാ അനുമതികളും ലഭിച്ചാൽ ഡിസംബറോടെ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കും. കരാർപ്രകാരം 2045ഓടെ തുറമുഖത്തിന്റെ ശേഷി പൂർണായും ഉപയോഗിക്കാനാവുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് നേരത്തെയാക്കാനാണ് ശ്രമം.

കപ്പൽ കാണാൻ ജനങ്ങൾക്ക്

അവസരമുണ്ടോ?

വിമാനത്താവളമെന്ന പോലെ,സുരക്ഷ ഉറപ്പുവരുത്തേണ്ട ഇടമാണിത്. ഭീമവും സങ്കീർണവുമായ യന്ത്രങ്ങളാണ് വിഴിഞ്ഞത്തുള്ളത്. 12ന് ഉദ്ഘാടനവേളയിൽ പൊതുജനങ്ങൾക്ക് കപ്പലും ക്രെയിനുകളും അടുത്തുനിന്ന് കാണാം. കപ്പലിന്റെയകത്ത് കയാറാനാകില്ലെന്ന് മാത്രം.

വിഴിഞ്ഞം തിരുവനന്തപുരത്തിന്

നൽകുന്ന അവസരങ്ങൾ?

ഒരു ജനതയുടെ മുഴുവൻ സ്വപ്നമായതിനാൽ തുറമുഖമെന്നത് തലസ്ഥാനവാസികൾക്ക് വൈകാരികമായ അഭിമാനമാണ്. തങ്ങൾ കടലമ്മയുടെ മക്കളായി ജീവിച്ചെങ്കിലും തങ്ങളുടെ മക്കളുടെ ഭാവി വിശാലമാണെന്നാണ് വിഴിഞ്ഞത്തെ പ്രദേശവാസികൾ പറയുന്നത്.വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവർ കാണുന്നത് കൂറ്റൻ ക്രെയിനുകളാണല്ലോ. അതവർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. വിഴിഞ്ഞത്തിന്റെ വികസനം തിരുവനന്തപുരത്തിന്റെ വികസനത്തിന് കാരണമാകും.

( അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇന്ന് രാത്രി 8 ന് കൗമുദി ടി.വിയിൽ)