പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: മുന്നറിയിപ്പോ നോട്ടീസോ നൽകാതെ തമ്പാനൂരിലെ എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ ഓഫീസായ സുഗതൻ സ്മാരകത്തിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തം. നടപടിക്കെതിരെ ചാലയിലെ കുര്യാത്തി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫീസ് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. കുര്യാത്തി ഡിവിഷനിലെ ജീവനക്കാരനെത്തിയാണ് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത്. എന്നാൽ നിയമാനുസരണം ഒരാഴ്ചയ്ക്ക് മുമ്പ് രേഖാമൂലം നോട്ടീസ് നൽകണമെന്നിരിക്കെയാണ് മുന്നറിയിപ്പില്ലാതെയുള്ള നടപടി.
അകാരണമായി കണക്ഷൻ വിച്ഛേദിച്ചതിനെതിരെ മീനാങ്കൽ കുമാർ ജലവിഭവ വകുപ്പ് മന്ത്രിയോട് ഫോണിൽ പ്രതിഷേധമറിയിച്ചു. തുടർന്ന് എക്സിക്യുട്ടീവ് എഞ്ചിനിയറുമായി നടത്തിയ ചർച്ചയിൽ കണക്ഷൻ പുനഃസ്ഥാപിക്കുകയും കുടിശിക പത്തു ഗഡുക്കളായി അടയ്ക്കുന്നതിനും തീരുമാനമായി. മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സമരത്തിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ബി. ജയകുമാർ, മുജീബ് റഹ്മാൻ, സുനിൽ മതിലകം, പാപ്പനംകോട് അജയൻ, ആൾസൈയിന്റ്സ് അനിൽ, സജീവ്, മീനാങ്കൽ സന്തോഷ്, ക്ലീറ്റസ്, മൈക്കിൾ ബാസ്റ്റിൻ, മുരുകൻ പേരൂർക്കട, രാജകുമാർ, അജികുമാർ, തമ്പാനൂർ സജാദ്, നവാബുദീൻ, ബ്രഹ്മനായകം, സുധീർ തുടങ്ങിയവർ പങ്കെടുത്തു.