കിളിമാനൂർ: മലയോര ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിൽ. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറികളെല്ലാം ഇവർ നശിപ്പിച്ചുതുടങ്ങി. കൃഷിയിടങ്ങളിൽ നിന്ന് തുരത്താൻ ശ്രമിച്ചാൽ ആക്രമണം ഉറപ്പ്. കാട്ടുപന്നികളും മുള്ളൻപന്നികളുമാണ് ഇതിൽ വില്ലന്മാർ. കാട്ടുപന്നികൾ പകൽസമയത്തുപോലും വഴിവക്കിൽ കാണാം. വീടിന്റെ ചുറ്റും നട്ടുവളർത്തുന്ന കിഴങ്ങുവർഗങ്ങൾ പോലും ഇവർ വെറുതേവിടാറില്ല. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് ലഭിക്കണമെങ്കിൽ നൂലാമാലകൾ വേറെയും. ഇതുമൂലം പലരും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാറില്ല.
ആക്രമണം ഇവിടെ
പള്ളിക്കൽ, മടവൂർ, നഗരൂർ, നാവായിക്കുളം പഞ്ചായത്തുകളിൽ
പേടിയോടെ നാട്ടുകാർ
രാത്രികാലങ്ങളിൽ കുഞ്ഞുങ്ങളുമായി നിരത്തിലിറങ്ങുന്ന പന്നിക്കൂട്ടങ്ങൾ കാരണം വാഹന യാത്രക്കാർ ദുരിതത്തിലാണ്. ഏതുനേരത്തും ഇടിച്ചുതെറുപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളും പേടിയോടെയാണ് ജോലിചെയ്യുന്നത്. റബർ തോട്ടങ്ങളാണ് ഇവയുടെ ഒളിത്താവളങ്ങൾ. ഇതോടെ ടാപ്പിംഗ് തൊഴിലാളികളും പേടിയോടെയാണ് ജോലിക്കിറങ്ങുന്നത്.
തോക്കെടുക്കാതെ...
ജനജീവിതം ദുസഹമാക്കുന്ന രീതിയിൽ പന്നികളുടെ ശല്യമുണ്ടെങ്കിൽ അവയെ വെടിവച്ചുകൊല്ലാൻ നിയമമുണ്ടെങ്കിലും പലപ്പോഴും അവ നടത്താൻ കഴിഞ്ഞിട്ടില്ല. മറ്റ് പച്ചക്കറി വള്ളികലെല്ലാം മുള്ളൻ പന്നികളും നശിപ്പിച്ചു.
പൊല്ലാപ്പായി നിബന്ധനകൾ
നിരന്തരം കൃഷി നശിപ്പിക്കപ്പെടുമ്പോൾ മാത്രം അപേക്ഷ സമർപ്പിക്കണം
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസ് രേഖകൾ വേണം
പാട്ടക്കരാറിൽ കൃഷി ചെയ്യുന്നവർക്കും അപേക്ഷ നൽകാൻ കഴിയില്ല
മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല.
പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്
വെടിയേറ്റ് ചത്താൽ വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഒഴിച്ചതിന് ശേഷം കുഴിച്ചുമൂടണം.