തിരുവനന്തപുരം: സൗത്ത് വയനാട് സബ് ഡിവിഷൻ മേഖലയിൽ നിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് ഇന്ന് തിരുവനന്തപുരം മൃഗശാലയിലെത്തിക്കും. ഇന്നലെ വയനാട്ടിൽ നിന്നും പുറപ്പെട്ട വാഹനം ഇന്ന് രാവിലെ എത്തിച്ചേരും. ജനവാസമേഖലയിൽ ഭീതി പരത്തിയ ആൺകടുവയെ ഒരു മാസം മുമ്പാണ് വനംവകുപ്പ് പിടികൂടിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടിലേക്ക് തിരികെവിടാൻ സാധിക്കില്ല.
10 വയസുള്ള കടുവയുടെ ശരീരത്തിൽ ആക്രമണം ഏറ്റതിന്റെ മുറിവുകളുണ്ട്. കടുവകൾ തമ്മിൽ കടികൂടിയാതാകാമെന്നും വിലയിരുത്തുന്നുണ്ട്. വിദഗ്ദ്ധ ചികിത്സ വേണ്ടതിനാലാണ് തലസ്ഥാന മൃഗശാലയിലേക്ക് മാറ്റുന്നത്. കടുവയെ 21 ദിവസം മൃഗശാലയിൽ പ്രത്യേക കൂട്ടിൽ ചികിത്സിക്കും. ആദ്യഘട്ടത്തിലുള്ള 21 ദിവസത്തെ ചികിത്സ ഫലം കണ്ടാൽ കൂടുമാറ്റും. വായുസഞ്ചാരത്തിനായി ഫാനുകളും താപനില കുറയ്ക്കാനായി കൂളറും സ്ഥാപിച്ചിട്ടുണ്ട്. മൃഗശാല ഡോക്ടർ നികേഷ് കിരണിന്റെ നേതൃത്വത്തിലാണ് ചികിത്സ. സാധാരണ കാട്ടിലാണെങ്കിൽ 12-13 വയസുവരെയാണ് കടുവകളുടെ ആയുസ്.