വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗ്യ മാസമാണ് ജൂലായ്. 30 വർഷം മുമ്പ് വിഴിഞ്ഞത്ത് നിന്ന് ആദ്യമായി ഒരു കപ്പലിലേക്ക് ചരക്ക് കയറ്റി അയച്ചത് ജൂലായിലായിരുന്നു. നാടിന്റെ വികസന പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് വിഴിഞ്ഞത്ത് മതർ ഷിപ്പ് എത്തുന്നതും മറ്രൊരു ജൂലായിൽ!
1994 ജൂലായ് 14നായിരുന്നു വിഴിഞ്ഞത്തെ പഴയ വാർഫിൽ നിന്ന് മാലിയിലേക്ക് ആദ്യ ചരക്ക് കപ്പലിന് യാത്ര അയപ്പ് നൽകിയത്. വിഴിഞ്ഞത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ചരക്ക് കയറ്റി അയയ്ക്കുന്ന ആദ്യ സംഭവമായിരുന്നു അത്. മാലിയിലെ സാഗത്തി എന്റർപ്രൈസസിന്റെ കപ്പൽ ആർഗോനോട്ട് ആയിരുന്നു വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. 37 വർഷം ജപ്പാൻ ഉപയോഗിച്ച് പഴഞ്ചനായ കപ്പൽ, മാലി വാങ്ങിയ ശേഷം ചരക്ക് കയറ്റാൻ എത്തിക്കുകയായിരുന്നു. 200 ടൺ സിമെന്റ് കയറ്റാനായിരുന്നു എത്തിയത്. എന്നാൽ കരാർ അനുസരിച്ച് കമ്പനി സിമെന്റ് നൽകിയില്ല. ഒടുവിൽ 150 ടൺ മെറ്റൽ, 50 ടൺ മണൽ, 1 ടൺ പച്ചക്കറികൾ, മുട്ട, രണ്ട് സണ്ണി സ്കൂട്ടറുകൾ, സൈക്കിളുകൾ എന്നിവയുമായി കപ്പൽ മടങ്ങി.