തിരുവനന്തപുരം : ഇടപ്പഴഞ്ഞി ശ്രീചിത്രാ നഗറിലെ സീവേജിന്റെ പ്രവൃത്തി 17ന് മുമ്പ് പുനഃരാരംഭിക്കാൻ തീരുമാനം. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ സീവേജ് പ്രവൃത്തികളുടെ പുരോഗതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. റോഡ് കുഴിക്കാതെ എച്ച്.ഡി.ഡി മുഖേന പൈപ്പ് സ്ഥാപിക്കുന്നതിനും മാൻഹോളുകൾ നിർമ്മിക്കുന്നതിനുമാണ് തീരുമാനം. എം.എൽ.എ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ സീവേജ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർമാർ എന്നിവർ പങ്കെടുത്തു.

ശാസ്തമംഗലം വാർഡിലെ ശ്രീരംഗം ലെയിനിൽ ശാന്തിഗിരി ആശുപത്രിക്ക് സമീപമുള്ള പ്രവൃത്തിയും നന്ദൻകോട് വാർഡിലെ കനകനഗറിലെ പ്രവൃത്തിയും ഈ മാസത്തോടെ ആരംഭിക്കും. മുറിഞ്ഞപാലം മുതൽ കണ്ണമ്മൂല വരെയുള്ള പ്രവൃത്തിയിൽ ഉള്ളൂർ തോടിന് കുറുകെ പൈപ്പിടുന്ന പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. മഴ മാറിയാലുടൻ ഇത് പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവൃത്തി പുരോഗമിക്കുന്ന പണിക്കേഴ്സ് ലെയിൻ, മുട്ടട ഗ്രീൻ വാലി റസിഡന്റ്സ് അസോസിയേഷൻ, അറപ്പുര വിനായക നഗർ, കേശവദാസപുരം വ്യാസ നഗർ, കോയിക്കൽ ലെയിൻ എന്നിവ അടിയന്തരമായി പൂർത്തിയാക്കാൻ വി.കെ. പ്രശാന്ത് എം.എൽ.എ നിർദ്ദേശിച്ചു.

വർഷങ്ങളായി മുടങ്ങിക്കിടന്ന ജഗതി കൂട്ടാംവിള സ്കീം പുനരുജ്ജീവിപ്പിക്കുന്നതിനും പ്രവൃത്തി വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും കഴിഞ്ഞതായി വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള കവടിയാർ എസ്.എസ് കോവിൽ ലെയിൻ, പട്ടം കൈരളി ഹോട്ടലിന് സമീപം എന്നിവിടങ്ങളിൽ സീവേജ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കി അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.