തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി അദാനി പോർട്‌സുമായി 2018ൽ സർക്കാരുണ്ടാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ സർക്കാർ വകുപ്പുകൾ ജാഗ്രത കാട്ടിയില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെപ്പറ്റി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ എടുത്ത കേസിന്റെ തെളിവെടുപ്പിനായി കമ്മിഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക സിറ്റിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിന് മുതലപ്പൊഴിയെയാണ് അദാനി പോർട്ട്‌സ് പ്രധാനമായും ആശ്രയിച്ചത്. അതിന്റെ ഭാഗമായി അദാനി പോർട്ട്‌സ് സർക്കാരുമായുണ്ടാക്കിയ ധാരണാപത്രം രണ്ട് തവണ പുതുക്കിയെങ്കിലും കരാറിലേക്ക് കടക്കുവാനോ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് വിലയിരുത്തുവാനോ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല. തുറമുഖ നിർമ്മാണത്തിനാവശ്യമായ സാധനസാമഗ്രികളടങ്ങിയ ബാർജിന് സുഗമമായി കടന്നുവരുന്നതിനുവേണ്ടി മാത്രമാണ് അദാനി പോർട്‌സ് അധികൃതർ മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് നടത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. മുതലപ്പൊഴി വിഷയം പരിഹരിക്കാൻ വിവിധ ഏജൻസികൾ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിന്മേൽ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുവാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി.

20ന് നടക്കുന്ന സിറ്റിംഗിൽ, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.