പാലോട്: പെരിങ്ങമ്മല വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുവാൻ മന്ത്രി കെ.രാജൻ 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ ചുമതല സംസ്ഥാന നിർമ്മിതികേന്ദ്രത്തെ ആറ് മാസത്തിന് മുൻപ് ഏല്പിച്ചിരുന്നു. ഇതുവരെയും നിർമ്മാണ പ്രവർത്തനമോ, പഴയ കെട്ടിടം പൊളിക്കുകയോ ചെയ്തിട്ടില്ലെന്ന് എ.ഐ.വൈ.എഫ് പെരിങ്ങമ്മല യൂണിറ്റ് കൺവെൻഷൻ കുറ്റപ്പെടുത്തി.

പെരിങ്ങമ്മലയിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് ഇപ്പോൾ പാലോട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. പെരിങ്ങമ്മല സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിടനിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. മുഹമ്മദ് അമീൻ എ.എസിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജെ.അരുൺബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പേരയം വിനോദ്, സി.പി.ഐ മണ്ഡലം കമ്മിറ്റിഅംഗം മനോജ്.ടി.പാലോട് എന്നിവർ സംസാരിച്ചു.

ജൂലൈ 20ന് പ്രതിഭാസംഗമം പെരിങ്ങമ്മലയിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ഭാരവാഹികളായി മുഹമ്മദ് അമീൻ( പ്രസിഡന്റ്),ആസിഫ്, സൽമാൻ (വൈസ് പ്രസിഡന്റുമാർ), നബീൽ (സെക്രട്ടറി), റാഷിദ് ,നാദിർഷാ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു