k

ആഡംബരം ഇത്തിരി കുറഞ്ഞാലും കളർ ഫോട്ടോ നിർബന്ധം! മുപ്പത്തിയൊമ്പതു വർഷം മുമ്പ് മണിയെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ മുക്കം സ്വദേശി സിഗ്‌നി ദേവരാജൻ വീട്ടുകാർക്കു മുന്നിൽ വച്ച ഏക ഡിമാൻഡായിരുന്നു അത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ അരങ്ങു വാണിരുന്ന കാലത്ത് സിഗ്നിയുടെ ഡിമാൻഡ് കേട്ട് 'ഓനെന്ത് പത്രാസാ" എന്ന് ചിലരെങ്കിലും കരുതി.

കല്യാണമൊക്കെ കഴിഞ്ഞ്,​ ഉണ്ണിച്ചേട്ടന്റെ ഫോമാ സ്റ്രുഡിയോയിൽ നിന്ന് കളർഫോട്ടോ കിട്ടാൻ ആറുമാസമെടുത്തു. എങ്കിലും ഒരു കല്യാണ വീഡിയോ എടുക്കാനാവാത്തതിൽ സിഗ്നിക്ക് ദുഃഖമുണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ടു. സമൂഹമാദ്ധ്യമങ്ങളിൽ കൗതുകമുള്ള 'സേവ് ദി ഡേറ്റ്" വീഡിയോകൾ കാണുമ്പോൾ, നിറംമങ്ങി നരച്ച തന്റെ കല്യാണഫോട്ടോ നോക്കി സിഗ്നി നെടുവീർപ്പിട്ടു. ഇനിയാണ് കഥയിലെ ട്വിസ്റ്റ്.

ഇഴവഴിഞ്ഞിപ്പുഴയുടെ തീരത്ത് പ്രിയതമയുടെ കൈപിടിച്ച് സിഗ്നി നടക്കുന്ന 27 സെക്കൻഡുള്ള വീഡിയോ! ചുറ്രും ചിരിച്ച് കുശലം പറയുന്ന ബന്ധുക്കൾ.... ബംഗളൂരുവിൽ വിഷ്വൽ മീഡിയയിൽ പ്രവർത്തിക്കുന്ന മകൻ അസ്വിനോ അച്ഛനും അമ്മയ്ക്കും നൽകിയ എ.ഐ വിവാഹ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. പഴയ അഞ്ച് വിവാഹചിത്രങ്ങൾ ലൂമാ എന്ന എ.ഐ ടൂളിലൂടെ കടത്തിവിട്ട് കമാൻഡുകൾ നൽകിയാണ് നാലുദിവസം കൊണ്ട് ഈ വീഡിയോ നിർമ്മിച്ചത്.

സർ,​ ഭാവന

ഉണരുന്നുണ്ടോ?​

പറഞ്ഞുവന്നത്, തട്ടിപ്പുകളിലൂടെയാണ് മലയാളിക്ക് പരിചിതമായതെങ്കിലും അനന്തമായ സാദ്ധ്യതകളും അവസരങ്ങളും എ.ഐ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നാണ്. 'ഭാവന ഉണരാനും മെഷീനുണ്ടോ..?" എന്ന് 'വീണ്ടും ചില വീട്ടുകാര്യങ്ങൾ" എന്ന സിനിമയിൽ തിരക്കഥാകൃത്ത് ലോഹിതദാസ് തൊടുത്തുവിട്ട ചോദ്യത്തിന് 'ഉണ്ടല്ലോ സർ" എന്നാണ് എ.ഐ ലോകം നൽകുന്ന മറുപടി. ആവശ്യമുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളുടെ പേരും ടൈപ്പ് ചെയ്തോ ശബ്ദത്തിലൂടെയോ നൽകിയാൽ കഥയും തിരക്കഥയും റെഡിയാക്കാൻ എ.ഐ ടൂളുകളുണ്ട്. എഴുത്തുകാരന്റെ ഭാവന ചേർത്ത് വികസിപ്പിക്കാം. സ്ക്വിബ്ലർ, ജാസ്പർ, ഷോർട്ട്ലി എ.ഐ തുടങ്ങിയ ടൂളുകളിലൂടെ വീഡിയോ സ്ക്രിപ്പ്റ്റിംഗ് ചെയ്യാം. വരികൾക്ക് ഈണം നൽകാനും ടൂളുകളുണ്ട്. ഇനി വരികൾ സ്വന്തമായി എഴുതാൻ വശമില്ലെങ്കിൽ രക്ഷകനായി ചാറ്റ് ബോട്ട് ചാറ്റ് ജി.പി.ടി എത്തും. സന്ദർഭം നൽകിയാൽ വരികൾ ജി.പി.ടി എഴുതും.

എ.ഐയിലും

വളകിലുക്കം

എ.ഐ ഉപയോഗിച്ച് നിർമ്മിക്കുന്നവയിൽ അധികവും സ്ത്രീ മോഡലുകളാണെന്നതും ശ്രദ്ധേയമാണ്. കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി സ്കൂൾ രാജ്യത്തെ ആദ്യ എ.ഐ അദ്ധ്യാപിക 'ഐറിസി"നെ അവതരിപ്പിച്ചത് ലോകം മുഴുവൻ ഉറ്റുനോക്കിയതാണ്. നിതി ആയോഗിന്റെ അടൽ ടിങ്കറിംഗ് ലാബിന്റെ പാഠ്യേതര പദ്ധതികളുടെ ഭാഗമായാണ് ഇംഗ്ലീഷും മലയാളവും ഹിന്ദിയും വഴങ്ങുന്ന 'ഐറിസി"നെ അവതരിപ്പിച്ചത്.

രാജ്യത്തെ ആദ്യ സോഫ്ട്‌വെയർ എൻജിനിയർക്കു നൽകിയിരിക്കുന്ന പേര് 'ദേവിക" എന്നാണ്. തൃശൂർ സ്വദേശിയായ വി.എച്ച്. മുഫീദ്, സ്റ്റിഷൻ എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലൂടെയാണ് ദേവികയെ വികസിപ്പിച്ചത്. ലോകത്തെ ആദ്യ എ.ഐ നയതന്ത്രജ്ഞ 'വിക്ടോറിയ ഷി"യെ അടുത്തിടെ യുക്രെയിൻ രംഗത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പുകൾ വായിക്കുന്നതാണ് വിക്ടോറിയയുടെ ഡ്യൂട്ടി. എ.ഐ മോഡലുകൾക്കായി ലോകത്താദ്യമായി മിസ് വേൾഡ് മത്സരവും അടുത്തിടെ പ്രഖ്യാപിച്ചു. വേൾഡ് എ.ഐ ക്രിയേറ്റർ അവാർഡ് എന്ന ഈ പ്രോഗ്രാം ലണ്ടൻ ആസ്ഥാനമായ ഫാൻവ്യൂ എന്ന സ്ഥാപനമാണ് നടത്തുന്നത്.

യുദ്ധത്തിനും

എ.ഐ!

2023-ൽ നടന്ന ജി 20 ഉച്ചകോടിയിൽ ലോകത്ത് എ.ഐ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മഹാസമുദ്രത്തിലടക്കം ചൈന ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധരംഗത്ത് എ.ഐ ഉപയോഗിക്കാൻ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. അപകടകാരികളായ ഡ‌്രോണുകളിൽ നിന്ന് കെട്ടിടങ്ങളെയും മനുഷ്യരെയും സംരക്ഷിക്കുന്ന അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം- 'ഇന്ദ്രജാൽ" ഹൈദരാബാദ് ആസ്ഥാനമായ ഗ്രീൻ റോബോട്ടിക്സ് എന്ന കമ്പനി വികസിപ്പിച്ചിരുന്നു. രാജ്യത്ത് 2023- ൽ മാത്രം ഇരുന്നൂറിലധികം വ്യോമാക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ യുദ്ധ മേഖലയിലടക്കം എ.ഐ പ്രയോജനപ്പെടുത്താം. മനുഷ്യർക്ക് കടന്നുചെല്ലാനാവാത്ത ഭൂപ്രദേശങ്ങളിലും എ.ഐ ഡ്രോണുകൾക്ക് എത്താനാവുമല്ലോ.

കൃഷി മുതൽ

കളിക്കളം വരെ

 കൃഷിയിടത്തിൽ കള പറിക്കുന്ന 'ഗാഡ്രോ" എന്ന കുഞ്ഞൻ എ.ഐ റോബോട്ട് മെക്കാട്രോണിക്സ് എൻജിനിയറായ കൊല്ലം ഇടമൺ സ്വദേശി പ്രിൻസ് മാമ്മൻ വികസിപ്പിച്ചു

എ.ഐ ഉപയോഗിച്ച് വാഹനാപകടം കുറയ്ക്കാനുള്ള കണ്ടുപിടിത്തങ്ങൾ ഇക്കഴിഞ്ഞ ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചിരുന്നു

പി.സി.ഒ.ഡി എന്ന ജീവിതശൈലീരോഗം കണ്ടെത്തുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കണ്ണൂർ സ്വദേശികളും സഹോദരിമാരുമായ വന്ദനയും കീർത്തനയും ചേർന്ന് 'ക്യൂറേറ്റ് ഹെൽത്ത്" എന്ന എ.ഐ ആപ്പ് വികസിപ്പിച്ചു

വിംബിൾഡൺ കളിക്കാരെ സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ് സിഗ്നിഫൈ ഗ്രൂപ്പുമായി സഹകരിച്ച് എ.ഐ ടൂൾ രംഗത്തിറക്കി. വംശീയമായും ലൈംഗികമായും കളിക്കാരെ അധിക്ഷേപിക്കുന്ന കമന്റുകൾ എളുപ്പം കണ്ടെത്തുന്നതിന് ടൂൾ സഹായിക്കും

ഉള്ള പണി

പോകുമോ?

'ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടാനല്ലേ നിന്റെ ഉദ്ദേശ്യം?" ഇതാണ് എ.ഐയോട് ചിലരുടെ ചോദ്യം. ഒരുവർഷത്തിനിടെ രാജ്യത്തെ ഐ.ടി മേഖലയിൽ 70,000-ത്തിലധികം പേർക്ക് തൊഴിൽ നഷ്ടമായത് നിർമ്മിതബുദ്ധിയുടെ വളർച്ച കാരണമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ തൊഴിൽ നഷ്ടപ്പെടുത്താനല്ല, എളുപ്പമാക്കാനാണ് എ.ഐയുടെ കടന്നുവരവെന്ന് വിദഗ്‌ദ്ധർ പറയുന്നു. കോഡിംഗിൽ പ്രാവീണ്യമില്ലാത്തവർക്കും ഇന്ന് എ.ഐയുടെ സഹായത്തോടെ പ്രോഗ്രാമുകൾ വികസിപ്പിക്കാം. അതേസമയം, എ.ഐ എങ്ങനെ പ്രയോഗിക്കണമെന്ന നൈപുണ്യം നേടിയില്ലെങ്കിൽ എ.ഐയുമായുള്ള മത്സരപ്പാച്ചിലിൽ ഒരുപക്ഷേ മനുഷ്യൻ പുറന്തള്ളപ്പെട്ടേക്കാം

(നാളെ: അർണനീയമീ എ.ഐ...)