വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കാറിലെത്തിയ സംഘം ആക്രമിച്ചതായി പരാതി. വാമനപുരം ആനച്ചൽ കൂത്താട്ടുവിളം വീട്ടിൽ സുകന്യയ്ക്കാണ് (35)​ പരിക്കേറ്റത്. ആനച്ചലിൽ 5ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ഹരിത കർമ്മ സേന പ്രവർത്തകയാണ് സുകന്യ. ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കാറിലെത്തിയ സംഘം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചു കയറ്റാൻ ശ്രമിച്ചു. കുതറി മാറി നിലവിളിച്ചതോടെ സംഘം സുകന്യയെ തള്ളിയിട്ടശേഷം കൈയിലുണ്ടായിരുന്ന ബാഗുമായി കടക്കുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.