hospital-

ചിറയിൻകീഴ്: മതിയായ സൗകര്യങ്ങൾ ഇല്ലാതെ രോഗികളെ വലച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി. തീരദേശമേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ മതിയായ ഡോക്ടർമാരും ഇല്ല. ജനറൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അനസ്തേഷ്യ വിഭാഗത്തിൽ വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായുള്ള ഡോക്ടറുടെ സേവനമാണ് നിലവിലുള്ളത്. ഈ വിഭാഗത്തിലെ ഇവിടത്തെ സ്ഥിരം പോസ്റ്റിലേക്ക് ഇതുവരെ ആളെ നിയമിച്ചിട്ടില്ല. മാത്രവുമല്ല ഈ വിഭാഗത്തിൽ രണ്ടു പേരുടെ സേവനം ഇവിടെ ആവശ്യമാണ്.

 അസൗകര്യങ്ങൾ ഇങ്ങനെ

 രാത്രികാലങ്ങളിൽ ഗൈനക് വിഭാഗത്തിൽ എമർജൻസി സിസേറിയൻ വന്നാൽ മറ്റിടങ്ങിലേക്ക് റഫർ ചെയ്യണം

 പനി സീസൺ ആയതിനാൽ ദിനംപ്രതി 100 കണക്കിന് പേരാണ് പനിബാധിച്ച് എത്തുന്നത്

പനി ഒ.പിയും പനി വാർ‌ഡും ഇവിടെ ആരംഭിക്കണമെന്ന ആവശ്യവും ഒന്നുമായില്ല

 കാഷ്വാലിറ്റിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനവും ഇല്ല

 മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന സ്കിൻ ഡോക്ടറുടെ സേവനവും ഇപ്പോഴില്ല

ഒ.പിയും പ്രവർത്തിക്കുന്നില്ല

നിലവിൽ ഇവിടെ എൻ.എച്ച്.എമ്മിന്റെ രണ്ട് ഡോക്ടർമാർ അടക്കം ആറ് പേരുടെ സേവനമാണ് ഉള്ളത്. ഡോക്ടർമാരുടെ ലഭ്യതക്കുറവ് അടക്കമുള്ള പല കാരണങ്ങളാൽ പല ഒ.പികളും കൃത്യമായി പ്രവർത്തിക്കാറില്ല. അതുപോലെ ശനിയാഴ്ച ദിവസങ്ങളിൽ മിക്കപ്പോഴും ഒ.പി അടഞ്ഞു കിടക്കുമെന്ന ആക്ഷേപവും ഉണ്ട്. ഇവിടുത്തെ ക്യാഷ്വാലിറ്റിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദിനംപ്രതി ആയിരത്തിലധികം രോഗികളെ ക്യാഷ്വാലിറ്റിയിൽ തന്നെ നോക്കേണ്ട അവസ്ഥയിലാണ്. ഇവിടെ കൂടുതൽ രോഗികളെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

തണുത്തുറഞ്ഞ് മോർച്ചറി

മോർച്ചറിയിൽ ഫ്രീസർ സംവിധാനം പ്രവർത്തനരഹിതമാണ്. ഇതുകാരണം അതാത് ദിവസം പോസ്റ്റ്മോർട്ടം നടത്താൻ കഴിയാത്ത മൃതദേഹങ്ങൾ മറ്റ് ആശുപത്രി മോർച്ചറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

പല രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക് ആവശ്യത്തിനുള്ള എല്ലാ മരുന്നും ഇവിടെ കിട്ടാറില്ല. രാത്രികാലങ്ങളിൽ പുറത്തുനിന്ന് മരുന്ന് വാങ്ങിനൽകാമെന്നുവെച്ചാൽ മെഡിക്കൽസ്റ്റോറുകൾ അടച്ചാൽ അതും നടക്കില്ല.