അടുത്ത ആഴ്ച മലയാളം റിലീസ്
28 വർഷത്തിനുശേഷം കമൽഹാസനും ഷങ്കറും ഒരുമിക്കുന്ന ഇന്ത്യൻ 2 ആണ് ഇൗ ആഴ്ച മേജർ റിലീസ്. ജൂലായ് 12ന് ഇന്ത്യൻ 2 റിലീസ് ചെയ്യും. കൂടുതൽ കരുത്തനായി കമൽഹാസന്റെ സേനാപതിയെ ചിത്രത്തിൽ കാണാം. 200 കോടിയാണ് ഇന്ത്യൻ 2 ന്റെ ബഡ്ജറ്റ്. അടുത്ത ആഴ്ചയേ മലയാള ചിത്രങ്ങളുടെ റിലീസ് ഉണ്ടാവൂ. നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇർഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാനപുസ്തകം 19ന് റിലീസ് ചെയ്യും. ആനന്ദ് മധുസൂദനനും ചിന്നു ചാന്ദ്നിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷം 19ന് റിലീസ് ചെയ്യും. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാവുന്ന ചിത്രമാണ് വിശേഷം. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന ഇടിയൻ ചന്തു 19ന് റിലീസ് ചെയ്യും. ആക്ഷൻ പാക്കഡ് എന്റർടെയ്നറായ ഇടിയൻ ചന്തുവിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌നാണ്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സലിം കുമാറും മകൻ ചന്തു സലിം കുമാറും ഒരുമിച്ച് എത്തുന്നു. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് 26ന് റിലീസ് ചെയ്യും. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും രചനയും സംവിധാനവും നിർവഹിക്കുന്ന പഞ്ചായത്ത് ജെട്ടി 26ന് റിലീസ് ചെയ്യും. മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ, രചന നാരായണൻകുട്ടി ഉൾപ്പെടുന്ന മറിമായം ടീം ആണ് ക്യാമറയ്ക്ക് മുൻപിൽ. സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് ഇൗമാസം അവസാനം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രത്തിൽ അപർണ ദാസ് ആണ് നായിക.