ഉദിയൻകുളങ്ങര: അമരവിള - കാരക്കോണം റോഡ് നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങൾ ഏറെയാകുന്നു. നിർമ്മാണത്തിന്റെ ഭാഗമായെടുത്ത റോഡിലെ കുഴികളും വെള്ളക്കെട്ടും ചെളിയും കാരണം ധനുവച്ചപുരം പാർക്ക് ജംഗ്ഷൻ മുതൽ നെടിയാംക്കോട് വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ കൂടുകയാണ്.
ഒരാഴ്ചയ്ക്ക് മുമ്പ് കൊറ്റാമം സ്വദേശിയായ പൊലീസുകാരൻ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 7ന് മേയ്പുരം ചർച്ചിന് സമീപത്ത് റോഡിൽ അടുക്കിവച്ചിരുന്ന ഓട നിർമ്മാണ സാമഗ്രികളിലെ കമ്പിയിൽ തട്ടി വെള്ളറട സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരമായി
പരിക്കേറ്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെളിച്ചമില്ലായ്മയും റോഡിൽ അടുക്കി വച്ചിരിക്കുന്ന നിർമ്മാണ സാമഗ്രികളിൽ സിഗ്നൽ വെയ്ക്കാത്തതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
വെള്ളക്കെട്ടും
റോഡ് നിർമ്മാണം മന്ദഗതിയിലായതോടെ റോഡിലെ വെള്ളക്കെട്ട് കടകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. ഇവിടുത്തെ സ്ഥാപനങ്ങളും വീടും ഒഴിഞ്ഞുപോകേണ്ട ഗതികേടിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലയോര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏഴു കിലോമീറ്റർ ദൂര പരിധിയിലാണ് റോഡ് നിർമ്മാണം. 29 കോടി രൂപ മുടക്കി അത്യാധുനിക രീതിയിൽ നവീകരിക്കപ്പെടുന്ന റോഡ് 12 മീറ്റർ വിതിയിൽ സ്ഥലമെടുത്ത് 9 മീറ്റർ വീതിയിലാണ് ബി.എം.ബി.സി ടാറിടൽ നടത്തുന്നത്.
ഓട ഉയരത്തിൽ
ധനുവച്ചപുരം ഐ.ടി.ഐ കവലയിൽ ഓട ഉയർത്തിയാണ് നിർമ്മിക്കുന്നത്. കടകളിലും വീടുകളിലും ആരാധനാ കേന്ദ്രങ്ങളിലേക്കും എത്താൻ കഴിയുന്നില്ലെന്ന പരാതികളുമായി അധികൃതരെ സമീപിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിനാൽ നാട്ടുകാർ റോഡ് വികസന സംരക്ഷണസമിതി രൂപീകരിച്ച് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുകയാണ്.
പദ്ധതിയിൽ
റോഡ് സുരക്ഷ സംവിധാനങ്ങൾ, നടപ്പാതകൾ, ജലവിതരണ കുഴലുകൾ, ടെലിഫോൺ കേബിളുകൾ എന്നിവയ്ക്കായി യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ബസ് ബേ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, അഞ്ചിലേറെ കലുങ്ക് നിർമ്മാണം എന്നിവയും പദ്ധതിയിലുണ്ട്.
റോഡ്, ഓട നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് റോഡ് നിർമ്മാണം സുഗമമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.