കല്ലറ: നിരവധി കുടുംബങ്ങൾക്ക് അത്താണിയായ പരമ്പരാഗത ആലകൾ വിസ്മൃതിയിലേക്ക്. യന്ത്രവത്കരണത്തിന്റെയും അന്യദേശക്കാരുടെയും ഇരുമ്പ് ഉപകരണങ്ങൾ നാട്ടിലെത്തിയതോടെ ആലകളുടെ പ്രവർത്തനം നിലച്ചു. ആലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനുള്ള ബ്ലാക് സ്മിത്ത് അസോസിയേഷൻ വരെ പിരിച്ചുവിട്ടു.അരിവാൾ, കോടാലി, പിച്ചാത്തി, വെട്ടുകത്തി, ചിരവ, കൈക്കോട്ട്, കമ്പിപ്പാര തുടങ്ങിയവ ഉണ്ടാക്കാനും വായ്ത്തല കൂട്ടാനും കൊല്ലന്റെ ആലയിൽ കാത്തുനിന്ന കാലങ്ങളുണ്ടായിരുന്നു. കൃഷിക്കാരായിരുന്നു ഇതിൽ ഏറെയും. കൃഷി കുറഞ്ഞതോടെ ഇതിന്റെ ആവശ്യമില്ലാതായി. മൂർച്ച കൂട്ടാനും വായ്ത്തല പോയത് നന്നാക്കാനും മാത്രമാണ് ഇന്ന് ആലകളിൽ ആളുകളെത്തുന്നത്. കരിക്കുള്ള ചിരട്ട, മൂർച്ചവപ്പിക്കാനുള്ള അരം തുടങ്ങി എല്ലാറ്റിനും വിലയും കൂടി.
ഒരു കത്തിയുണ്ടാക്കാൻ രണ്ട് ദിവസം വേണം. ഇതിന് 180-200 രൂപയും. അതിന്റെ പകുതി വിലയ്ക്ക് അവ കടയിൽ നിന്നും വാങ്ങാൻ കിട്ടും. പക്ഷെ തങ്ങളുടെ ആലയിൽ നിന്ന് നിർമ്മിക്കുന്ന ആയുധങ്ങളുടെ ഗുണം ഇവയ്ക്ക് കിട്ടാറില്ലെന്ന് തൊഴിലാളികൾ അവകാശപ്പെടുന്നു.