പള്ളിക്കൽ: വിദ്യാലയങ്ങളിലെ കാർഷികപഠനത്തിന്റെ ഭാഗമായി മടവൂർ ഗവ.എൽ.പി.എസ് നെൽകൃഷിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തിന് സമീപം തുമ്പോട് ഏലായിലാണ് തുടർച്ചയായി ആറാമത്തെവർഷം നടീൽഉത്സവത്തോടെ നെൽകൃഷിക്ക് അവധിദിനമായ ഇന്നലെ തുടക്കമായത്. 'വയലറിവ്'എന്ന പേരിലാണ് രക്ഷിതാക്കളുടേയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടീൽഉത്സവം സംഘടിപ്പിച്ചത്. നടീൽ ഉത്സവം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റസിയ ബി.എം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജിത്ത് മടവൂർ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് അമ്പിളി. കെ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ജി ശ്രീകുമാർ, പാടശേഖരസമിതി പ്രതിനിധി അണുക്കാട്ടിൽ ശ്രീകുമാർ, എസ്.അശോകൻ, എം.പി.ടി.എ പ്രസിഡന്റ് ആരതികൃഷ്ണ എന്നിവർ പങ്കെടുത്തു.