തിരുവനന്തപുരം/ കോഴിക്കോട്: തിരുവമ്പാടി സെക്ഷൻ ഓഫീസ് അടിച്ചുതർക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത പ്രതികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടി നിയമവിരുദ്ധമെന്ന് ബോദ്ധ്യമായതോടെ കെ.എസ്.ഇ.ബി തടിയൂരി. ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുലഭിച്ചാൽ കണക്ഷൻ പുനഃസ്ഥാപിക്കാമെന്ന് സി.എം.ഡി ബിജുപ്രഭാകർ വാർത്താക്കുറിപ്പിൽ അറിയിച്ചെങ്കിലും നിയമത്തിന്റെ പിൻബലം ഇല്ലെന്ന് ബോധ്യപ്പെടുകയും കുടുംബം വഴങ്ങാതിരിക്കുകയും ചെയ്തതോടെ നിലപാട് മാറ്റുകയായിരുന്നു. തിരുവമ്പാടി അബ്ദുൾ റസാഖിന്റെയും ഭാര്യ മറിയത്തിന്റെയും വീട്ടിലെ വൈദ്യുതി ബന്ധം ഇന്നലെ രാത്രി ഒൻപതോടെ പുനഃസ്ഥാപിച്ചു.
ഒരു കുടുംബവും കെ.എസ്.ഇ.ബിയും തമ്മിൽ വ്യാഴാഴ്ച തുടങ്ങിയ പോർവിളിയാണ് അസാധാരണ സംഭവങ്ങളിലേക്ക് നീങ്ങിയത്. ജീവനക്കാരെ കൈയേറ്റം ചെയ്തതിനും ഓഫീസ് ആക്രമിച്ചതിനും കേസുണ്ട്. നഷ്ടപരിഹാരം ഈടാക്കാനും കേസുണ്ടാവും. വീട്ടുടമയുടെ മക്കളായ തിരുവമ്പാടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജ്മലും സഹോദരൻ ഷഹദാദും റിമാൻഡിലാണ്. കെ.എസ്.ഇ.ബി ഉദോഗസ്ഥർക്കെതിരെ വീട്ടുടമയുടെ ഭാര്യമറിയം നൽകിയ പരാതിയിലും കേസെടുത്തു. കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെയാണ് കേസ്.
നിയമനടപടി സ്വീകരിക്കുന്നതിനു പകരം വീട്ടുകാരെ ഇരുട്ടിലാക്കിയത് ഏതു നിയമത്തിലെ ഏതു വ്യവസ്ഥ പ്രകാരമെന്നാണ് ചോദ്യം ഉയർന്നത്. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് നിർദ്ദേശിച്ചത്.
വിച്ഛേദിക്കൽ കുടിശിക
ഉണ്ടെങ്കിൽ മാത്രം
കണക്ഷൻ വിച്ഛേദിക്കാനുള്ള അധികാരം ഉപഭോക്താവ് കുടിശികവരുത്തുമ്പോൾ മാത്രമാണെന്ന് റെഗുലേഷൻ 138ൽ പറയുന്നുണ്ട്. 2014ലെ ഇലക്ട്രിസിറ്റി സപ്ലൈ കോഡിന്റെ 122,123 സെക്ഷനുകൾ അനുസരിച്ച് ഡിമാന്റ് കം ഡിസ്കണക്ഷൻ നോട്ടീസായാണ് ബില്ല് നൽകുന്നത്. കണക്ഷൻ വിച്ഛേദിക്കാൻ മറ്റൊരു നോട്ടീസ് നൽകേണ്ടതില്ല.
പരിഹരിച്ചത് കളക്ടർ
കുടുംബനാഥന്റെ സത്യവാങ്മൂലം വാങ്ങാൻ കെ.എസ്.ഇ.ബി ചെയർമാന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി തഹസിൽദാർ കെ.ഹരീഷ്, കെ.എസ്.ഇ.ബി തിരുവമ്പാടി അസി. എക്സിക്യുട്ടീവ് എൻജിനിയർ ശിവകുമാർ എന്നിവർ ചർച്ച നടത്തിയെങ്കിലും ഒപ്പുവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. 'മക്കൾ അതിക്രമം കാട്ടിയതിൽ ഖേദം പ്രകടിപ്പിക്കുന്നു, ഇനി അത്തരം കാര്യം ആവർത്തിക്കില്ല' ഇതാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്.
പിന്നാലെ, കളക്ടർ സ്നേഹിൽ കുമാർ സിംഗ് കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകറുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതി ധരിപ്പിച്ചു, പിന്മാറാൻ അഭ്യർത്ഥിച്ചു. തുടർന്ന് യാതൊരു ഉപാധിയുമില്ലാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ചെയർമാൻ നിർദ്ദേശം കൊടുത്തു.
വ്യാഴം മുതൽ ഞായർ
വരെ നീണ്ട വിവാദം
പേജ്......