തിരുവനന്തപുരം: നഗരത്തിലെ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചെങ്കിലും പലയിടത്തും പ്രവർത്തനം കാര്യക്ഷമമല്ല. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ഫീസ് താങ്ങാനാവാതെയാണ് പലരും സർക്കാർ ആശുപത്രികളിലെത്തുന്നത്. പ്രതിദിനം 200 മുതൽ 300 വരെ രോഗികളെത്തുന്ന ഫോർട്ട് താലൂക്ക് ആശുപത്രിയിൽ അവധിദിവസമായ ഞായറാഴ്ച പനി ക്ലിനിക്ക് പ്രവർത്തിക്കില്ല. പനിക്ക് ചികിത്സതേടിയെത്തുന്ന പ്രായമായവരും കുട്ടികളും ഗർഭിണികളും ഉൾപ്പെടെ ജനറൽ ഒ.പിയിൽ ക്യൂ നിന്ന് വലയുകയാണിപ്പോൾ. വിവിധ അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ ഇക്കൂട്ടത്തിലുണ്ടാകും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ജനറൽ ഒ.പി. അതിനുശേഷമെത്തുന്നവർ കാഷ്വാലിറ്റിയിൽ കാണിക്കണം.
ഫോർട്ട് ആശുപത്രിയിലെ കാഷ്വാലിറ്റിയിലുള്ളത് ഒരു ഡോക്ടർ മാത്രമാണ്. മരുന്നുകൾ വിലക്കുറവിൽ കിട്ടുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ ചുമയ്ക്കുള്ള മരുന്നുകളും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഒരു കൗണ്ടർ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന ജനറൽ ആശുപത്രിയിൽ രാത്രി 8 വരെയാണ് പനി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാലാണ് പ്രവർത്തനസമയം ചുരുക്കേണ്ടി വരുന്നത്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും പനി ക്ലിനിക്ക് ആരംഭിച്ചിട്ടില്ല.
ക്യൂ എന്ന കടമ്പ
പനി ക്ലിനിക്കുകൾ പ്രത്യേകമായി സജ്ജീകരിച്ചെങ്കിലും ഒ.പി ടിക്കറ്റ് എടുത്താൽ മാത്രമെ ക്ലിനിക്കിലേക്ക് പ്രവേശിക്കാനാവൂ. മുൻപ് നേരിട്ട് ക്ലിനിക്കിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ പനി വന്ന് തീരെ അവശരായവർ പോലും ഒ.പി ക്യൂവിൽ നിന്ന് തളരുകയാണ്. കൂട്ടിരിപ്പുകാരില്ലാതെ എത്തുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
സ്വകാര്യ ആശുപത്രികളിലും ഇടമില്ല
പനി ബാധിതരുടെ എണ്ണം കൂടിയതോടെ സ്വകാര്യ ആശുപത്രികളിലും തിരക്കനുഭവപ്പെടുകയാണ്. പലയിടത്തും പ്രത്യേകം പനി ക്ലിനിക്കുകൾ ആരംഭിക്കാത്തതിനാൽ കാഷ്വാലിറ്റിയിലോ ജനറൽ ഒ.പിയിലോ കാണിക്കണം.
ഒ.പി ബ്ലോക്കിൽ പനി ക്ലിനിക്ക്
മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി വിഭാഗത്തിൽ തന്നെയാണ് പനി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളാണ് ഇവിടെയെത്തുന്നത്. ഇന്ന് മുതൽ പ്രിവന്റീവ് മെഡിസിനിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ഒ.പി ബ്ലോക്കിൽ പ്രത്യേക പനി ക്ലിനിക്ക് ആരംഭിക്കും.
ആശുപത്രികളിൽ ക്യൂ നിന്ന് രോഗികൾ കുഴഞ്ഞുവീഴുകയാണ്. അടിയന്തര സാഹചര്യം വിലയിരുത്തി മികച്ച ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തണം.
വി.എസ്.ശിവകുമാർ,
മുൻ ആരോഗ്യമന്ത്രി