1

പോത്തൻകാേട്:പള്ളിത്തുറ നെഹ്റു ജംഗ്ഷനിൽ ബൈക്കുകളിലെത്തിയ നാലംഗസംഘത്തിന്റെ ബോംബേറിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അഖിൽ (23), നെഹ്റു ജംഗഷൻ സ്വദേശി അപ്പൂസ് എന്ന വിവേക് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തുമ്പ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ഷെഫിനെ (24)​ തുമ്പ പൊലീസ് കസ്റ്രഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. മറ്റ് മൂന്നുപേർക്കായി തെരച്ചിൽ തുടരുകയാണ്.

ഇന്നലെ രാവിലെ 11.45 ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം ഇടറാേഡ് ജംഗ്ഷനിൽ സംസാരിച്ചുനിന്ന യുവാക്കൾക്ക് നേരെ രണ്ട് നാടൻ ബോംബുകൾ എറിയുകയായിരുന്നു. രണ്ടും ഉഗ്രശബ്ദത്താേടെ പൊട്ടി. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പാേഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബെറി‌ഞ്ഞത്. വിദേശത്തായിരുന്ന സുനി അടുത്തിടെയാണ് നാട്ടിലെത്തിയത്. ബോംബിന്റെ ഭാഗങ്ങൾ ദേഹത്ത് തെറിച്ചാണ് വിവേകിന് പരിക്കേറ്റത്. അഖിലിന്റെ കൈപ്പത്തിക്കാണ് പരിക്ക്.

തുമ്പ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

ബോംബേറ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ. കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. സ്ഥലത്ത് പൊലീസ് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു