തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ കുട്ടിയെ സ്‌കൂൾ മാറ്റണമെന്ന് ഹെഡ്‌മാസ്റ്റർ ആവശ്യപ്പെട്ടതായി പരാതി. തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി.എസിലെ ഒന്നാം ക്ളാസുകാരനാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ 20ന് സ്‌കൂളിൽ നടന്ന പരിപാടിയിൽ കുട്ടി ശബ്ദമുണ്ടാക്കിയതാണ് സ്‌കൂൾ മാറ്റണമെന്ന് ആവശ്യപ്പെടാൻ കാരണമെന്ന് രക്ഷിതാവ് പറഞ്ഞു. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും സ്‌കൂൾ പൂട്ടേണ്ടി വരുമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞതായി രക്ഷിതാവ് ആരോപിച്ചു. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധ കിട്ടുന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് കുട്ടിയെ ഇവിടെ ചേർത്തത്.
മറ്റൊരു സ്‌കൂളിൽ പഠിച്ച ഇളയ കുട്ടിയെയും ഇവിടെ ചേർത്തിരുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ ഇരുവരെയും ടിസി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർത്തു. രണ്ടാഴ്ച മുമ്പ് സ്‌കൂളിൽ ചാർജ്ജെടുത്തയാളാണ് ഹെഡ്മാസ്റ്റർ. തന്റെ കുട്ടിക്ക് മറ്റദ്ധ്യാപകരിൽ നിന്ന് സ്നേഹവും കരുതലുമാണ് ലഭിച്ചിരുന്നത്, ഹെഡ്മാസ്റ്റർക്കെതിരെ പരാതി നൽകാൻ താത്പര്യമില്ലെന്നും ഇതുപോലൊരു അനുഭവമുണ്ടാകാതിരിക്കാനാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതെന്നും രക്ഷിതാവ് വ്യക്തമാക്കി.