തിരുവനന്തപുരം:വയനാട്ടിലെ കേണിച്ചിറയെ വിറപ്പിച്ച ആൺകടുവ ‘തോൽപെട്ടി–-17’ തിരുവനന്തപുരം മൃഗശാലയിലെത്തി.കഴിഞ്ഞ 23ന് വനംവകുപ്പ് പിടികൂടിയ 10 വയസ്സുള്ള കടുവയെ ഞായറാഴ്‌ച തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ 13 ദിവസത്തോളം നിരീക്ഷിച്ചശേഷമാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
21 ദിവസം ക്വാറന്റയിനിൽ നിരീക്ഷണം. അതുകഴിഞ്ഞ് മറ്റു കുഴപ്പങ്ങളില്ലെങ്കിൽ സാധാരണ കൂട്ടിലേക്ക് മാറ്റും. ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുകളുണ്ട്. ഇത് മറ്റ് കടുവകളുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.
ശനി വൈകിട്ട് അനിമൽ ആംബുലൻസിൽ വയനാട്ടിൽനിന്ന് കൊണ്ടുവന്ന കടുവയെ ഞായർ പകലാണ് മൃഗശാലയിലെത്തിച്ചത്. പ്രായാധിക്യത്താൽ കോമ്പല്ലുകൾ ഉൾപ്പെടെ നഷ്‌ടമായതിനാൽ ഇരതേടാൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ കാട്ടിലേക്ക് തുറന്നുവിട്ടാൽ തിരിച്ച് ജനവാസമേഖലയിലേക്കുതന്നെ വരും എന്നതിനാലാണ് മൃഗശാലയിലേക്ക് മാറ്റുന്നത്.
ഈ വർഷം വയനാട്ടിൽനിന്നെത്തിക്കുന്ന രണ്ടാമത്തെ കടുവയാണിത്. മാർച്ചിൽ മീനങ്ങാടി മയിലമ്പാടിയിൽനിന്ന് പിടികൂടിയ ബബിത എന്ന പെൺകടുവയെ കൊണ്ടുവന്നിരുന്നു. രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളും ഉൾപ്പെടെ മൃഗശാലയിൽ അഞ്ച് കടുവകളുണ്ട്.