ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. നെടുങ്കണ്ടം സ്വദേശി അനസ് (36), പൂത്തുറ സ്വദേശി ജിജോ (39), ഒറീസ സ്വദേശി വിജീഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായത്തോടെ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.