photo

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഇന്നലെയും രണ്ട് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെട്ട് 21 പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ പെരുമാതുറ സ്വദേശികളായ ഹസൻ (42), റഫീഖ് (48) എന്നിവർ മെഡിക്കൽ കോളേജിലും നഹാസ്, സഹീർ, ഹസൻ, മൻസൂർ, ഷാക്കിർ, ഷാഫി, ഷാജി, നൗഫൽ, ശ്യാം, മഹേഷ്, ഫലാഹ്, സുഹൈൻ, നാസർ, നസീർ, നാസുമുദ്ദീൻ, ഷാജി, സൈനുദ്ദീൻ, നവാസ്, സഫീർ എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഹസന് തലയ്ക്കും റഫീക്കിന് കൈയ്ക്കുമാണ് പരിക്കേറ്റത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

ഇന്നലെ രാവിലെ 7.15ഓടെയാണ് സംഭവം. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുവച്ച് ശക്തമായ തിരയിൽപ്പെട്ട് താങ്ങുവലവള്ളം ആടിയുലയുകയും നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചരിയുകയുമായിരുന്നു. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ വീണത്. 37 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പെരുമാതുറ സ്വദേശി ഷാക്കിർ സലീമിന്റേതാണ് വള്ളം. ശക്തമായ തിരയെത്തുടർന്ന് മറ്റെൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടിൽ കെട്ടിവലിച്ചാണ് വള്ളത്തെ വിഴിഞ്ഞത്തെത്തിച്ചത്.


ഇതിനു മുമ്പ് മറ്റൊരു അപകടവും ഇന്നലെ പുലർച്ചെ നടന്നു. മത്സ്യബന്ധനത്തിന് പോകവെ അഴിമുഖത്തു വച്ച് തിരയിൽപ്പെട്ട് രണ്ടു പേർ സഞ്ചരിച്ച വള്ളം മറിഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികളും പരിക്കേൽക്കാതെ നീന്തി രക്ഷപ്പെട്ടു. കടലിൽ അകപ്പെട്ട വള്ളത്തിനെ നിവർത്തി കരയ്ക്കെത്തിച്ചു. ഞായറാഴ്ച രാത്രിയിലും ഇവിടെ അപകടം നടന്നിരുന്നു.