പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചി നിവാസികളുടെ ഉറക്കം കെടുത്തി സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നതായി പരാതി. പ്രദേശത്തെ ജനങ്ങളുടെ അൻപത് വർഷത്തോളമുള്ള കാത്തിരിപ്പിന് ഒടുവിലാണ് ചെല്ലഞ്ചിപ്പാലം യാഥാർത്ഥ്യമായത്. എന്നാൽ ഇന്ന് ഈ നാടിന്റെ പേടിസ്വപ്നമാവുകയാണ് പാലം. സ്ത്രീകൾക്കും കുട്ടികൾക്കും ഈ പാലത്തിന്റെ പരിസരത്തുകൂടി പോകാൻ പോലും പറ്റാത്ത അവസ്ഥ. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഇവിടെ സുലഭമാണ്. ഒപ്പം മോഷണവും മദ്ധ്യപന്മാരുടെ ബൈക്ക് റേസിംഗും. മറ്റു പ്രദേശങ്ങളിൽ നിന്നെത്തുന്നവർ ഇവിടിരുന്ന് മദ്ധ്യപിച്ച ശേഷം കുപ്പികൾ വലിച്ചെറിയുന്നത് ചെല്ലഞ്ചി നിവാസികളുടെ ആശ്രയമായ ചെല്ലഞ്ചി നദിയിലേക്കാണ്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് സോളാർ ലൈറ്റുകളിൽ ആദ്യ ദിവസം തന്നെ ഒരെണ്ണം മുറിച്ചു മാറ്റി. ഒരെണ്ണം നശിപ്പിച്ചു. കഴിഞ്ഞ ദിവസം 9 ചാക്ക് മാലിന്യമാണ് പാലത്തിൽ നിന്നും നദിയിലേക്ക് തള്ളിയത്.
കാര്യം തിരക്കിയാൽ മർദ്ദനം
കഴിഞ്ഞ ദിവസം ഇന്നോവ കാറിലെത്തിയ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രദേശവാസിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പൊലീസ് എത്തിയപ്പോഴേക്കും സംഘം സ്ഥലം വിട്ടു. കുടുംബസമേതം സായാഹ്നക്കാഴ്ചകൾ കാണാനെത്തുന്ന ആളുകളെ അസഭ്യവർഷം നടത്തുന്നതും പതിവാണ്.
പന്തയം വച്ച് ബൈക്ക് റേസിംഗ്
പാലത്തിൽ 5000 രൂപ വരെ പന്തയം വച്ചാണ് ബൈക്ക് റേസിംഗ് നടത്തുന്നത്. ആറ്റിൽ നിന്നും 150 അടിയോളം ഉയരത്തിലുള്ള പാലത്തിന്റെ ചെറു കൈവരിയിൽ നടക്കുന്നതും പതിവാണ്. ചിലപ്പോൾ ജീവൻ തന്നെ നഷ്ടമായേക്കാം. യുവാക്കളുടെ മദ്യപാനവും ബൈക്ക് റേസിംഗും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പാലം സംരക്ഷണ സമിതി രൂപീകരിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമില്ല.