ആരോപണം
നിഷേധിച്ചില്ല
തിരുവനന്തപുരം: നാട്ടിൽ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
ചോദ്യോത്തരവേളയിൽ മുസ്ലിം ലീഗ് അംഗം എൻ. ഷംസുദ്ദീനാണ് വിഷയം ഉന്നയിച്ചത്. പി.എസ്.സി അംഗമാക്കുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചെന്നും 22 ലക്ഷം രൂപ വാങ്ങിയെന്നുമുള്ള ആരോപണത്തിൽ പാർട്ടി സെക്രട്ടേറിയറ്റ് അന്വേഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടോയെന്നും എന്ത് നടപടിയെടുക്കുമെന്നും അദ്ദേഹം ആരാഞ്ഞു.
പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുതരത്തിലുമുള്ള വഴിവിട്ട നീക്കവും ഉണ്ടാകില്ല. തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാകും.ഭരണഘടനാചുമതല നിർവഹിക്കുന്ന പി.എസ്.സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത്
പണം വാങ്ങിയല്ല : എം.വി ഗോവിന്ദൻ
ആലപ്പുഴ: പണം വാങ്ങി പി.എസ്.സി അംഗങ്ങളെ നിയമിക്കുന്ന രീതി സി.പി.എമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കായംകുളത്ത് സി.പി.എം മേഖലാ റിപ്പോർട്ടിംഗിൽ പങ്കെടുക്കാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ്യതയും മെരിറ്റും നോക്കിയാണ് ആളുകളെ നിയമിക്കുന്നത്. പണം വാങ്ങിയെന്ന ആരോപണത്തിൽ ഏതന്വേഷണവും വരട്ടെ. ആരോപണം ഉന്നയിക്കുന്നത് മാദ്ധ്യമങ്ങളുടെ ജോലിയല്ലേ എന്നായിരുന്നു മന്ത്രി റിയാസിനെതിരായ ആരോപണത്തെപ്പറ്റിയുള്ള ഗോവിന്ദന്റെ പ്രതികരണം.
തെറ്റായ പ്രവണത വച്ചു പുലർത്തില്ല. പാർട്ടിക്കുള്ളിൽ പറയേണ്ടത് ഉള്ളിലും, പുറത്ത് പറയേണ്ടത് പുറത്തും പറയുമെന്ന് തോമസ് ഐസക്കിന്റെ പ്രതികരണത്തെ സംബന്ധിച്ച ചോദ്യത്തിന് ഗോവിന്ദൻ മറുപടി നൽകി. കേന്ദ്ര കമ്മിറ്റിയുടെ മാർഗരേഖ അതംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു: റിയാസ്
തിരുവനന്തപുരം: തന്നെ തുടർച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ലക്ഷ്യങ്ങളെന്താണെന്ന് ജനങ്ങൾക്ക് അറിയാം. എന്നാൽ, ഇത്തരം വിഷയങ്ങളിൽ വസ്തുതയൊന്നുമില്ലെന്ന് ബോദ്ധ്യമായാലും അതിൽ തന്നെ വലിച്ചിഴയ്ക്കുന്നവർ അത് തിരുത്താനോ വിശദീകരണം നൽകാനോ തയാറാകുന്നില്ല. അത് തുടർന്നു കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി ഒരു കാര്യവുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വ്യക്തിഹത്യയ്ക്കെതിരേ നിയമ നടപടിയുണ്ടാകുമെന്നും മന്ത്രി റിയാസ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.