bamboo

തിരുവനന്തപുരം: കേരള ബാംബൂ ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ നിന്ന് മാസങ്ങളായി ഈറ്റ ലഭിക്കാത്തതുകാരണം പരമ്പരാഗത ഈറ്റ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികൾ ദുരിതത്തിൽ. ഈറ്റ ഉത്പന്നങ്ങളായ പായ, വട്ടി, കുട്ട, മുറം, അലങ്കാര വസ്തുക്കൾ തുടങ്ങിയവ നിർമ്മിച്ച് വില്പന നടത്തുന്നവരാണ് തൊഴിലും വരുമാനവുമില്ലാതെ ദുരിതത്തിലായത്. ഫെബ്രുവരിക്കുശേഷം ഇതുവരെ ഈറ്റ വിതരണം ചെയ്തിട്ടില്ല. ഈറ്റക്ഷാമമാണ് വിതരണം തടസപ്പെടാൻ കാരണമെന്നാണ് ബാംബൂ കോർപ്പറേഷന്റെ വിശദീകരണം.

വനംവകുപ്പ് സൗജന്യ നിരക്കിൽ നൽകുന്ന ഈറ്റ ബാംബൂ കോർപ്പറേഷനാണ് വിവിധ ജില്ലകളിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നത്. മാസത്തിൽ ഒരു തൊഴിലാളിക്ക് പരമാവധി ലഭിക്കുന്നത് രണ്ടുകെട്ടു ഈറ്റയാണ്. അതിൽ നിന്ന് കിട്ടാവുന്ന വരുമാനം 600 രൂപയും.

പായയുടെ വില

കൈമാറുന്നില്ല

ഈറ്റയുടെ വില കുറച്ച് ശേഷിക്കുന്ന തുകയാണ് കണ്ണാടിപ്പായയുടെ വിലയായി തൊഴിലാളികൾക്ക് ബാംബൂ കോർപ്പറേഷൻ നൽകുന്നത്.

കുറച്ച് മാസങ്ങളായി ബാംബൂ കോർപ്പറേഷന് നെയ്തുകൊടുക്കുന്ന പായയുടെ വിലയും തൊഴിലാളികൾക്ക് പണമായി കൈമാറുന്നില്ല. പകരം അക്കൗണ്ടിൽ നൽകുമെന്നാണ് കോർപ്പറേഷൻ പറയുന്നത്.

ഈറ്റത്തൊഴിലാളികളിൽ ഭൂരിഭാഗവും അമ്പതുവയസിന് മുകളിലുള്ള സ്ത്രീകളാണ്. പരമ്പരാഗത തൊഴിലായതിനാൽ മറ്റു ജോലികളൊന്നും ഇവർക്ക് വശമില്ല. അതിനാൽ ഭൂരിപക്ഷം പേരും ഈറ്റയുടെ വരവിന് കാത്തിരിക്കുകയാണിപ്പോഴും.

കോർപ്പറേഷനും പ്രതിസന്ധിയിൽ

ബാംബൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. പത്തുമാസത്തോളമായി കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട്.


15 മുളംകമ്പ് അടങ്ങുന്ന ഒരുകെട്ട് ഈറ്റയ്ക്ക് - 54 രൂപ
ഇതിൽ നിന്ന് ആറ് പായ ഉണ്ടാക്കാം
ഒരു പായയ്‌ക്ക് ബാംബൂ കോർപ്പറേഷൻ നൽകുന്നത് - 69 രൂപ
ഒരു പായ നെയ്യാൻ വേണ്ടത് മൂന്ന് ദിവസം