തിരുവനന്തപുരം: നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് തയാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിർദ്ദിഷ്ട ഇടവേളകളിൽ സമിതി ചേർന്ന് ചട്ടരൂപീകരണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.
നിയമനച്ചട്ടങ്ങൾ രൂപീകരിക്കാൻ എല്ലാ ഭരണവകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ചട്ടങ്ങൾ തയ്യാറാക്കിയ ശേഷം പി.എസ്.സി മുഖേന മാത്രമേ നടപ്പാക്കാവൂവെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യമായ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് നിലവിലുള്ള ജീവനക്കാർക്ക് സർവീസ് സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ മാത്രമേ വിശേഷാൽ ചട്ടരൂപീകരണം പൂർത്തിയാക്കൂ. ഇതിനായി കരടുചട്ടം തയ്യാറാക്കി സർവീസ് സംഘടനകളുമായി ചർച്ച നടത്തി നിയമവകുപ്പ് ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചനയ്ക്ക് ശേഷം സെക്രട്ടറിതല കമ്മിറ്റിയുടെ അംഗീകാരം തേടും. പിന്നീട് പി.എസ്.സിയുടെ ഉപദേശം സ്വീകരിച്ച് സബ്ജക്ട് കമ്മിറ്റിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ പൊലീസ്
അംഗബലം കൂട്ടും:
മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് സേനയിൽ സ്ത്രീ പ്രാതിനിധ്യം15 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇവരുടെ അംഗബലം ആറു ശതമാനമായിരുന്നത്
11.37 ശതമാനമായി ഉയർത്താനായെന്നും ചൂണ്ടിക്കാട്ടി.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിലവിലുള്ള പബ്ലിക് റിലേഷൻസ് ഓഫീസർമാരെ കൂടാതെ അസി. പി.ആർ.ഒമാരെയും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ വനിത ആയിരിക്കും.
പി.പി. ചിത്തരഞ്ജൻ, ഡി.കെ. മുരളി, കെ.ഡി. പ്രസേനൻ, കെ.വി. സുമേഷ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ടെക്നിക്കൽ സ്കൂളുകാർക്ക് പ്ലസ് വൺ
പ്രവേശനത്തിന് ബോണസ് പോയിന്റില്ല
തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്കൂളുകളിൽ പത്താം ക്ലാസ് പാസായവർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റ് നൽകുന്നില്ലെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമ്പോൾ ഇക്കാര്യം പരിഗണിക്കാമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കേരള സിലബസിൽ എസ്.എസ്.എൽ.സി വിജയിച്ചവർക്ക് മൂന്നു ബോണസ് പോയിന്റ് പ്ലസ് വൺ പ്രവേശനത്തിന് നൽകുന്നുണ്ട്. 15 ടെക്നിക്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി 2530 പ്ലസ് വൺ സീറ്റുകളുണ്ട്. പോളിടെക്നിക്ക് പ്രവേശനത്തിന് ഇവർക്ക് 10ശതമാനം സംവരണം നൽകുന്നു. ഇത് എസ്.എസ്.എൽ.സി കുട്ടികൾക്ക് നൽകുന്നില്ലെന്നും കാനത്തിൽ ജമീലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കൊയിലാണ്ടി കോളേജ്:
അനിവാര്യമെങ്കിൽ
പൊലീസ് ഇടപെടണം
കൊച്ചി: കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ അടിയന്തര സാഹചര്യമുണ്ടായാൽ പൊലീസ് കർശനമായി ഇടപെടണമെന്ന് ഹൈക്കോടതി. പൊലീസ് നിരീക്ഷണം തുടരണം. സംരക്ഷണം തേടി കോളേജും പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരനും നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ കോളേജ് സമാധാനപരമായി പ്രവർത്തിക്കുന്നുണ്ടെന്ന അധികൃതരുടെ വിശദീകരണം കോടതി രേഖപ്പടുത്തി. എസ്.എഫ്.ഐ പ്രവർത്തകർ മുഖത്തടിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിച്ചത്. പ്രിൻസിപ്പലിനെ ആക്രമിച്ചത് ഇപ്പോൾ സസ്പെൻഷനിലുള്ള നാല് വിദ്യാർത്ഥികളല്ലെന്നും പുറത്തു നിന്നെത്തിയവരാണെന്നും കോളേജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ പ്രിൻസിപ്പൽ മർദ്ദിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വാദിച്ചു.
ക്യാമ്പസിൽ ജീവനക്കാരും വിദ്യാർത്ഥികളും മാത്രമാണ് പ്രവേശിക്കുന്നതെന്ന് പൊലീസ് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു. കോളേജിൽ നിന്നുള്ള അനുമതിയില്ലാതെ മറ്റാരെയും പ്രവേശിപ്പിക്കരുത്. അനിവാര്യ സാഹചര്യങ്ങളിൽ പൊലീസ് ഉടനടി ഇടപെടുകയും വേണം. എന്നാൽ അക്രമവുമായി ബന്ധപ്പെട്ട പൊലീസ് കേസുകളുടെ വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല.