ആറ്റിങ്ങൽ: ദേശീയപാത 66ൽ ഉൾപ്പെട്ട ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം മാസങ്ങളായി ഇഴയുന്നു. കഴക്കൂട്ടം- കടമ്പാട്ടുകോണം റീച്ചിലെ മാമം പാലമൂടിനു സമീപത്ത് നിന്നാരംഭിച്ച് മണമ്പൂർ വരെ 11.50 കിലോമീറ്റർ ദൂരത്തിലാണ് ആറുവരി ബൈപ്പാസ് നിർമ്മിക്കുന്നത്. 2022 ഒക്ടോബറിലാണ് നിർമ്മാണം ആരംഭിച്ചത്. 2025ൽ കമ്മിഷൻ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പകുതിയോളം പ്രവർത്തനങ്ങൾ ഇനിയും ബാക്കിയുണ്ട്. ആർ.ഡി.എസ് എന്ന കരാർ കമ്പനിക്കാണ് നിർമ്മാണച്ചുമതല.
നിലവിൽ പാലങ്ങളുടെ കമ്പി കെട്ട്, കലുങ്ക് നിർമ്മാണം എന്നിവ മാത്രമാണ് നടക്കുന്നത്. ബൈപ്പാസ് നിർമ്മാണം ആരംഭിച്ചതുമുതൽ നാട്ടുകാരുടെ ആവശ്യം മുൻനിറുത്തി എട്ടിടങ്ങളിൽ പദ്ധതിയിൽ മാറ്റം വരുത്തി. നാല് മേൽപ്പാലങ്ങൾ, 36 കലുങ്കുകൾ, ആറ് ചെറുപാലങ്ങൾ, ചെറുതും വലുതുമായ 15 അണ്ടർ പാസേജുകൾ, മൂന്ന് ഓവർ പാസേജുകൾ എന്നിവയാണ് കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ചിൽ ഉൾപ്പെടുന്നത്.
നിർമ്മാണച്ചെലവ് 795 കോടി
മണ്ണും പാറയും കിട്ടാനില്ല
പുതിയ പാതയിലെ പലയിടങ്ങളിലും വലിയ ഉയരമുള്ളതിനാൽ മണ്ണ്, പാറ എന്നിവ ആവശ്യമാണ്. ഇതിന്റെ ലഭ്യതക്കുറവാണ് നിർമ്മാണ പ്രവർത്തനത്തെ പ്രധാനമായും ഇഴയ്ക്കുന്നത്. നിലവിലെ ദേശീയപാതയെക്കാൾ 20 അടി ഉയരത്തിലാണ് പലയിടങ്ങളിലൂടെയും പുതിയ പാത കടന്നുപോകുന്നത്.
5 അടിപ്പാതകൾ, 6 മേൽപ്പാലങ്ങൾ
മാമം, രാമച്ചംവിള, കൊല്ലമ്പുഴ, തൊട്ടിക്കൽ, മണമ്പൂർ എന്നിവിടങ്ങളിലായി 5 അടിപ്പാതകളും കൊല്ലമ്പുഴ, ആലംകോട്, പാലംകോണം എന്നിവിടങ്ങളിൽ 3 മേൽപ്പാലങ്ങളുമാണ് ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്നത്. പൂവമ്പാറ പാലത്തിനു സമീപം വാമനപുരം നദിക്ക് കുറുകെ വലിയ പാലവും വരും. സർവീസ് റോഡിൽ നിന്ന് ബൈപ്പാസിലേക്ക് കയറുന്നതിനായുള്ള ക്രമീകരണങ്ങളും വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാമച്ചംവിളയിൽ മേൽപ്പാല നിർമ്മാണത്തിനായി പഴയ റോഡുപോലും ഇതുവരെ പൂർണമായി നീക്കം ചെയ്തിട്ടില്ല.