df

മന്ത്രിസ്ഥാനം വിട്ട് ലോക്സഭയിലേക്കു പോയ കെ.രാധാകൃഷ്ണന്റെ വ്യക്തിത്വം ഒന്നു വേറെ തന്നെയാണ്. അസാന്നിദ്ധ്യംകൊണ്ട് നിയമസഭയുടെ ഈ സമ്മേളന കാലത്ത് ഇത്രത്തോളം ശ്രദ്ധ പിടിച്ചുപറ്റിയ മറ്രാരുമില്ല.രാധാകൃഷ്ണൻ സഭ വിട്ടുപോയതിൽ ഭരണപക്ഷ അംഗങ്ങളേക്കാൾ വിലപിക്കുന്നത് പ്രതിപക്ഷ അംഗങ്ങളാണ് താനും. അസാന്നിദ്ധ്യത്തിലും സ്നേഹം കൊണ്ട് എല്ലാവരും രാധാകൃഷ്ണനെ വീർപ്പുമുട്ടിക്കുകയാണ്.

ലീഗ് അംഗം മഞ്ഞളാംകുഴി അലിക്ക് വ്യക്തിപരമായി കെ.രാധാകൃഷ്ണനുമായി നല്ല സൗഹൃദമുണ്ടായിട്ടോ എന്തോ, ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കെ പൊതുസമ്മതനായ രാധാകൃഷ്ണനെ നാടുകടത്തിയതിലുള്ള ദു:ഖം അദ്ദേഹം പ്രകടിപ്പിച്ചു.

കുറെ ആൾക്കാരെ കല്പിച്ചുകൂട്ടിയാണ് നാടുകടത്തിയതെന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചപ്പോഴേക്കും ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ബഹളം തുടങ്ങി. അതിനിടെ മന്ത്രി ശശീന്ദ്രനും എഴുന്നേറ്രു. ജനങ്ങൾ തിരഞ്ഞെടുത്താണ് അദ്ദേഹത്തെ ലോക്സഭയിലേക്ക് അയച്ചതെന്നും ജനവിധിക്കെതിരായ മഞ്ഞളാംകുഴി അലിയുടെ അഭിപ്രായം പിൻവലിക്കണമെന്നുമായിരുന്നു ശശീന്ദ്രന്റെ സൗമ്യഭാവത്തിലുള്ള ആവശ്യം. പക്ഷെ അലി ആവശ്യം നിഷ്കരുണം തള്ളി, അത് മന്ത്രിയുടെ അഭിപ്രായം, കല്പിച്ചു കൂട്ടി നാടുകടത്തിയെന്നത് എന്റെ അഭിപ്രായം എന്നും ഉറച്ച ശബ്ദത്തിൽ മഞ്ഞളാംകുഴി അലി തട്ടിവിട്ടു.

ഈ സമയമത്രയും അലിക്കുള്ള മറുപടി രാകിമിനുക്കുകയായിരുന്നു കേരള കോൺഗ്രസ് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ. നിയമസഭാംഗമായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിയെ ലോക്സഭയിലേക്ക് അയച്ചത് നാടുകടത്തലായിരുന്നോ എന്നാണ് തൊട്ടുപിന്നാലെ ചർച്ചയിൽ പങ്കെടുത്ത സെബാസ്റ്റ്യന്റെ ചോദ്യം. ഷാഫി പറമ്പലിനെ ഡൽഹിയിലേക്കു വിട്ടത് നാടുകടത്തലാണോ എന്നുകൂടി വ്യക്തമാക്കണമെന്ന് പറഞ്ഞപ്പോഴാണ്, പ്രതിപക്ഷം ചക്കിനുവച്ചത് കൊക്കിനുകൊണ്ട പരുവത്തിലായത്.

'കൂടോത്രം എന്നാൽ കോൺഗ്രസ്, കോൺഗ്രസ് എന്നാൽ കൂടോത്രം" ഇങ്ങനെയായിരിക്കുന്നു ഇപ്പോഴത്തെ അവസ്ഥയെന്ന് പരിതപിച്ചത് സി.പി.എം അംഗം എം.എസ് അരുൺകുമാറാണ്. അന്ധവിശ്വാസത്തിന്റെ വക്താക്കളായി കോൺഗ്രസ് നേതാക്കൾ മാറുന്നതിലെ മനപ്രയാസമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. സഭയിൽ രണ്ടുപക്ഷത്താണെങ്കിലും കോൺഗ്രസ് അംഗം പി.സി.വിഷ്ണുനാഥിന് , അനുഭവസമ്പന്നനായ കോവൂർ കുഞ്ഞുമോനോട് വലിയ സ്നേഹമാണ്. കാൽ നൂറ്റാണ്ടായി എം.എൽ.എ ആയിരിക്കുന്ന കോവൂർ കുഞ്ഞുമോന് മന്ത്രിസ്ഥാനം കൊടുക്കാൻ അയിത്തമെന്താണെന്ന വിഷ്ണുനാഥിന്റെ ന്യായമായ ചോദ്യം കേട്ട് കുഞ്ഞുമോൻ പോലും ഊറിച്ചിരിച്ചു കാണും.

ലെനിനുമായി ബന്ധമുള്ള ഏക പാർട്ടിയാണ് കുഞ്ഞുമോന്റെ ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടി. കുഞ്ഞുമോനെ അവഗണിച്ചാലും ലെനിനെ അവഗണിക്കരുതായിരുന്നെന്നും വേദനയോടെ പറഞ്ഞ അദ്ദേഹം പട്ടികജാതിക്കാരെ സിസ്റ്രമാറ്റിക്കായി പറ്റിച്ച സർക്കാർ എന്ന ബഹുമതിയും ഭരണപക്ഷത്തിന് ചാർത്തി. വീടുവയ്ക്കാൻ നാലുലക്ഷം അനുവദിക്കുമ്പോൾ നഗരത്തിലെ ഒരു തൊഴുത്തു നിർമ്മിക്കാൻ 40 ലക്ഷമാണ് ചെലവിടുന്നതെന്ന കണക്കു കൂടി പറഞ്ഞപ്പോൾ, അതിന്റെ ആന്തരാർത്ഥം ഭരണപക്ഷത്തിന് നന്നേ ബോദ്ധ്യമായി. തൊട്ടുപിന്നാലെ ചർച്ചയിൽ പങ്കെടുത്ത ശാന്തകുമാരിക്ക് പി.സി. വിഷ്ണുനാഥിനു കൊടുക്കാൻ ഒരു ഉപദേശം മാത്രമേ ഉണ്ടായിരുന്നുള്ളു-വിഷ്ണുനാഥേ മലർന്നുകിടന്നു തുപ്പരുത്!

കെ.രാധാകൃഷ്ണൻ പോയതിൽ ദു:ഖമുണ്ടെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആത്മാർത്ഥത സഭയ്ക്ക് ഒന്നാകെ ബോദ്ധ്യപ്പെട്ടു. സാമൂഹിക നീതി ഒക്കെ ഉറപ്പാക്കി കേളുവേട്ടൻ നല്ല നിലയിൽ പ്രവർത്തിക്കുമെന്നതാണ് കുഞ്ഞുമോന്റെ ഏക ആശ്വാസം. പിന്നെ ഈ സർക്കാർ വരും ദിവസങ്ങളിൽ തീപ്പന്തമായി വളരുമെന്ന കാര്യത്തിലും തീർത്തും ശുഭാപ്തിവിശ്വാസമാണ് കുഞ്ഞുമോന്.

വകുപ്പിൽ ഒരു ടെമ്പോ ഉണ്ടാക്കണമെന്നതാണ് മന്ത്രി കേളുവിനോട് എൻ.എ. നെല്ലിക്കുന്നിനുള്ള അഭ്യർത്ഥന. ഒപ്പം ന്യൂനപക്ഷ ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രിയെ ഒന്നു തോണ്ടാനും മറന്നില്ല. പുതിയ എസ്.ഐ മാർ പൊലീസ് സ്റ്റേഷനിൽ ചാർജ്ജെടുക്കും പോലെയായിരുന്നു ആ മന്ത്രിയുടെ രീതി. ആദ്യ ദിവസം ജീപ്പുമെടുത്ത് ഒന്നു കറങ്ങും. കരാട്ടെ ബ്ളാക്ക് ബെൽറ്റാണെന്നും ജിമ്മനാണെന്നുമൊക്കെ പറയും. ഒരാഴ്ച കഴിയുമ്പോൾ ബെൽറ്റുമില്ല, ജിമ്മുമില്ല. മന്ത്രി എല്ലാ ജില്ലയിലും സ്വീകരണത്തിൽ പങ്കെടുത്ത് പറഞ്ഞു, വഖഫ് ബോർഡിന്റെ ഒരിഞ്ചു സ്ഥലം പോലും നഷ്ടമാക്കില്ലെന്ന്. 'അതുകേട്ട് ഞങ്ങളൊക്കെ രോമാഞ്ചംകൊണ്ടു. ഒന്നും നടന്നില്ല." രോമാഞ്ചം മാത്രം മിച്ചം!