1

പൂവാർ: തെക്കൻ കേരളത്തിൽ സജീവമായിരുന്ന ഇഷ്ടികക്കളങ്ങൾ ഇന്ന് വിസ്മൃതിയിലേക്ക്. പുതു തലമുറയ്ക്ക് ഇതെല്ലാം പഴങ്കഥകൾ മാത്രം. നെയ്യാറ്റിൻകരയുടെ കിഴക്കൻ മേഖല ഇഷ്ടിക നിർമ്മണത്തിൽ പേരുകേട്ട ഇടങ്ങളായിരുന്നു. തലയെടുപ്പോടെ ഉയർന്നുനിന്ന ചൂളകൾ മിക്കതും തകർന്നടിഞ്ഞു. ഈ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം കഴിച്ചിരുന്ന കുടുംബങ്ങൾ പട്ടിണിയിലായി. മണ്ണ് പാകപ്പെടുത്തുക, കല്ലുണ്ടാക്കുക, ഉണക്കി അടുക്കുക, ഇഷ്ടിക ചുട്ടെടുക്കുക ഇതിനെല്ലാം പ്രത്യേകം പ്രാവീണ്യം നേടിയ തൊഴിലാളികൾ ഇന്ന് പട്ടിണിയുടെ തീച്ചൂളയിലാണ്.

തൊഴിൽ നഷ്ടപ്പെട്ടവരിൽ ചിലർ മറ്റ് മേഖലകൾ തേടിപ്പോയി. ചൂളകൾ പലതും ഓരോന്നായി തകർന്നുവീണു. അവശേഷിക്കുന്നവയിൽ ചിലത് തിരുപുറം ഗ്രാമ പഞ്ചായത്തിലെ പഴയകടയ്ക്ക് സമീപം കാലുംമുഖം ഭാഗത്ത് കാണാനുമാകും. ഈ അപൂർവ കാഴ്ചയും അസ്തമിക്കുന്ന കാലം വിദൂരമല്ല എന്നാണ് പ്രദേശത്തെ തൊഴിലാളികൾ പറയുന്നത്.

 വില്ലനായി അയലത്തുകാർ

പുതിയ ഭൂവിനിയോഗ നിയമം മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇഷ്ടിക നിർമ്മാണത്തിന് കളിമണ്ണ് കിട്ടാതെയായി. കൂടാതെ ഹോളോ ബ്രിക്സിന്റെ കടന്നുവരവും തമിഴ്നാട് കല്ലിന്റെ വിലക്കുറവും പ്രതിസന്ധി രൂക്ഷമാക്കി.

ഇവിടത്തെ ഇഷ്ടികയ്ക്ക് 3 ഇഞ്ച് കനവും നാലര ഇഞ്ച് വീതിയും 9 ഇഞ്ച് നീളവുമുണ്ട്. പൂഴിമണൽ ചേരാത്തതിനാൽ ബലവും കൂടുതലാണ്. ഇത്രയും വലിപ്പം തമിഴ്നാട് കല്ലിനില്ല. നിറത്തിനു വേണ്ടി പൂഴിമണൽ ചേർത്താണ് അവർ ഇഷ്ടിക നിർമ്മിക്കുന്നതും. നിർമ്മാണ മേഖലയിലെ കോൺട്രാക്ട് വ്യവസ്ഥകൾ ശക്തി പ്രാപിച്ചതോട ഉത്പന്നങ്ങളുടെ ഗുണത്തെക്കാൾ വിലക്കുറവിന് പ്രാധാന്യം ഏറിയതാണ് ഇഷ്ടിക നിർമ്മാണമേഖല ഇത്രമേൽ പ്രതിസന്ധി നേരിടാൻ കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു.