വർക്കല: നിരവധി സഞ്ചാരികളെത്തുന്ന വർക്കലയിൽ സുരക്ഷ പേരിന് പോലുമില്ല. വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിട്ടുകൂടി സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശത്തെ കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും പരാതി. കടലിന്റെ ഭംഗി കണ്ട് ആഴമറിയാതെ കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡില്ലെന്ന പരാതിയുണ്ട്.

തീരത്തെ അപകടസാഹചര്യങ്ങൾ മുൻനിറുത്തി സുരക്ഷാ ഉപദേശങ്ങളും അവബോധവും സഞ്ചാരികൾക്ക് നൽകേണ്ടതുണ്ട്. ലൈഫ് ഗാർഡുകൾക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും ഈ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.ഏണിക്കൽ ബീച്ചിൽ അപകടമുണ്ടായാൽ കിലോമീറ്ററുകൾ താണ്ടി വേണം രക്ഷാപ്രവർത്തനത്തിന് സൗകര്യമൊരുക്കാൻ. സ്ഥലത്ത് ആംബുലൻസ് ഉൾപ്പെടെ എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങളില്ല. രാത്രി 7നുശേഷവും നിരവധി സഞ്ചാരികളാണ് കടലിലേക്ക് ഇറങ്ങുന്നത്. ഈ സമയങ്ങളിൽ സംരക്ഷണം ഒരുക്കുന്നതിനോ കടലിൽ ഇറങ്ങുന്നത് തടയുന്നതിനോ അധികൃതരും തയ്യാറാകുന്നില്ല.സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന കാപ്പിൽ ബീച്ചിലുള്ളത് ഒരു ലൈഫ് ഗാർഡ് മാത്രമാണ്. മൂന്ന് പേരുടെ സേവനമെങ്കിലും വേണ്ടിടത്താണ് ഡി.ടിപി.സി ഒരാളെ നിയമിച്ചിട്ടുള്ളത്.

6 മാസത്തിനിടെ നടന്ന മരണം - 16

രക്ഷിച്ചത് - 500 ഓളം പേരെ

പ്രധാന ബീച്ചുകൾ
വെട്ടൂർ,ചിലക്കൂർ,ആലി ഇറക്കം,ഏണിക്കൽ,പാപനാശം,തിരുവമ്പാടി,ഓടയം,മാന്തറ,ഇടവ,കാപ്പിൽ

ലൈഫ് ഗാർഡുകളെ നിയമിക്കണം

2007മുതൽ 2021വരെ - 2 സൂപ്പർവൈസർമാരും 24 ലൈഫ് ഗാർഡുകളുമുണ്ടായിരുന്നു

ഇന്ന് - പാപനാശം മെയിൻ ബീച്ചിൽ 12 ലൈഫ് ഗാർഡുകൾ മാത്രം.
ഒന്നിടവിട്ടുള്ള ദിവസങ്ങളിലായി ഇവരുടെ സേവനം ക്രമപ്പെടുത്തുമ്പോൾ ഫലത്തിൽ ലഭ്യമാകുന്നത് അഞ്ചോ ആറോ പേരെ മാത്രമാണ്.പാപനാശം ബീച്ചിലും തിരുവമ്പാടി ബീച്ചിലുമാണ് ലൈഫ് ഗാർഡുകളുടെ സേവനമുള്ളത്.

താത്കാലിക ജീവനക്കാർ

ഇവിടെ താത്കാലികമായി നിയമിച്ചിട്ടുള്ളവരാണ് ലൈഫ് ഗാർഡുകൾ.730 രൂപ ദിവസവേതനത്തിൽ 12 മണിക്കൂർ ജോലിനോക്കുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.ഇക്കാരണത്താൽ ആരും പുതുതായി വരുന്നില്ല. സർക്കാർ ടെൻഡറുകളിലൂടെ സ്വകാര്യ കമ്പനികൾ വഴിയാണ് നിയമനം.

കാലഹരണപ്പെട്ട ഉപകരണങ്ങൾ

അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ പോലുമില്ലാതെയാണ് ലൈഫ് ഗാർഡുകളുടെ രക്ഷാപ്രവർത്തനം. യൂണിഫോം,റെയിൻ കോട്ട് എന്നിവ ലഭിച്ചിട്ട് 4 വർഷത്തോളമാകുന്നു. ഇവർ ഉപയോഗിക്കുന്ന റെസ്ക്യു ബോർഡ്,റെസ്ക്യു ട്യൂബ്,ലൈഫ് ബയോഗ്,ഡെയ്ഞ്ചർ ബോർഡ്,കയർ,മെഗാ ഫോൺ റെഡ് ഫ്ലാഗ്,ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയും കാലഹരണപ്പെട്ടതാണ്. ഇവ അടിയന്തരമായി മാറ്റി നൽകണമെന്ന് ലൈഫ് ഗാർഡുകൾ ആവശ്യപ്പെടുന്നു.

സുരക്ഷാ പ്രാധാന്യത്തോടെ ടൂറിസം വികസനത്തിന് ഊന്നൽ നൽകുകയും രക്ഷാപ്രവർത്തനത്തിന് കൂടുതൽ ലൈഫ് ഗാർഡുകളെയും പൊലീസിനെയും നിയമിക്കേണ്ടതും അത്യാവശ്യമാണ്. മറൈൻ ആംബുലൻസ് സേവനവും ലഭ്യമാക്കണം.

അഡ്വ.ആർ.അനിൽകുമാർ,കൗൺസിലർ