തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) പ്രതിരോധ വാക്‌സിന് സംസ്ഥാനത്തെ ആശുപത്രികളിൽ ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് കൂടുതൽ പ്രതിസന്ധി. സ്വകാര്യ ഫാർമസികളിലും കിട്ടാനില്ല. വാക്‌സിൻ നിർമ്മാതാക്കൾ ഉത്പാദനം നിറുത്തിവച്ചതാണ് കാരണം. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് കാരണമെന്നാണ് പറയുന്നത്. സെപ്തംബറിലേ പരിഹാരമാകൂ എന്നാണ് വിവരം.
ഒരു എം.എൽ വാക്സിന് 110 രൂപയാണ് വില. ക്ഷാമം മുതലെടുത്ത് സ്റ്റോക്കുള്ള ഫാർമസികൾ തോന്നുംപടി വില ഈടാക്കുന്നതായി പരാതിയുണ്ട്. അതേസമയം, സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കൾക്ക് വാക്സിൻ ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനിലൂടെ രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായതോടെ ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സാ മരുന്നുകൾക്കും ആവശ്യക്കാർ കുറഞ്ഞിരുന്നു. അഞ്ചു വർഷം മുമ്പ് പ്രതിമാസം 8000 ഡോസു വരെ ചികിത്സാമരുന്ന് കമ്പനികൾ വിറ്റിരുന്നു. പിന്നീടത് 15 ആയി ചുരുങ്ങി. ഇതോടെ പിടിച്ചുനിൽക്കാൻ കമ്പനികൾ മരുന്നിന്റെ വില 800 രൂപയിൽ നിന്ന് 2000ത്തിലധികമായി വർദ്ധിപ്പിച്ചിരുന്നു.
പ്രതിരോധ വാക്സിൻ കുത്തിവയ്ക്കാതെ വന്നാൽ രോഗം വീണ്ടും വ്യാപകമാകും. ഈ സാഹചര്യം സൃഷ്ടിച്ച് കൂടിയ വിലയുള്ള ചികിത്സാ മരുന്ന് വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ വാക്‌സിൻ ക്ഷാമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കരളിനെ ബാധിക്കുന്ന, മരണത്തിനു വരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.
വാക്സിൻ നിർബന്ധം
നവജാത ശിശുക്കൾ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ-നഴ്സിംഗ് വിദ്യാർത്ഥികൾ, വിദേശത്തേക്ക് പോകുന്നവർ എന്നിവർക്ക് പ്രതിരോധ വാക്സിൻ നിർബന്ധമാണ്
വിദേശത്തേക്ക് പോകുന്നവരടക്കം പുറത്തു നിന്ന് വാക്‌സിൻ വാങ്ങിയാണ് സർക്കാർ ആശുപത്രികളിൽ കുത്തുവയ്പ്പ് എടുക്കുന്നത്
കുട്ടികൾക്ക് അഞ്ചുവയസിനിടെ മൂന്നു ഡോസ് എടുക്കണം. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്.