
കിളിമാനൂർ:കിളിമാനൂർ പുതിയകാവ് പൊതുചന്തയുടെ നവീകരണ പദ്ധതികൾ കടലാസിലുറങ്ങാൻ തുടങ്ങിയിട്ട് നാലുവർഷം. 2020ലാണ് കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ ചന്ത നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഏതുവിധത്തിൽ നവീകരിക്കുമെന്നതു സംബന്ധിച്ചുള്ള രൂപരേഖയിലെ വിവരങ്ങളും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വൃത്തിഹീനമായി കിടക്കുകയാണ് ചന്ത. കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് കിളിമാനൂരിലെ ഭൂരിഭാഗം പേരും. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ പുതിയകാവിലാണ് ചന്ത.
ഞായറും വ്യാഴവുമാണ് പ്രധാന ചന്തദിവസങ്ങൾ. കന്നുകാലിച്ചന്ത ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം നടത്താനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ അതിപുലർച്ചെയാണ് നടക്കുന്നത്. മേയ് അവസാനവാരം മുതൽ രാവിലെ 6ന് ശേഷമാക്കി നിർദ്ദേശിച്ച് പഞ്ചായത്ത് നോട്ടീസ് പതിച്ചെങ്കിലും സമയം പാലിക്കുന്നില്ലെന്ന പരാതിയുണ്ട്. മോഷ്ടിക്കുന്ന കന്നുകാലികളെ പുലർച്ചെ നടക്കുന്ന കന്നുകാലിച്ചന്തയിലെത്തിച്ച് വില്പന നടത്തിയ സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പകൽ സമയങ്ങളിൽ മാത്രം കന്നുകാലിച്ചന്ത മതിയെന്ന തീരുമാനമെടുത്തത്.
ചന്തയിൽ ശാസ്ത്രീയമായ മാലിന്യനിർമാർജ്ജന സംവിധാനമില്ല. 2007ൽ ജൈവ മാലിന്യ പ്ലാന്റ് അന്നത്തെ തദ്ദേശ ഭരണസമിതി സ്ഥാപിച്ചു. എന്നാൽ പദ്ധതി ഫലം കണ്ടില്ല.
ചന്തയെ ആശ്രയിക്കുന്നത്
കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്,നഗരൂർ,മടവൂർ,പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നും,ജില്ലാ അതിർത്തിയായതിനാൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കാർഷികോത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും ഇവിടേക്ക് നിരവധി പേരാണ് എത്തുന്നത്.
പൂട്ടി
തകർന്നുകിടന്ന അറവുശാല അറ്റകുറ്റപ്പണികൾ തീർത്ത് നവീകരിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. നിരവധി തവണ ടെൻഡർ വിളിച്ചെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതാണ് അറവുശാല അടഞ്ഞുകിടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
ഫോട്ടോ: കിളിമാനൂരിലെ പൊതുചന്ത