തിരുവനന്തപുരം: കടകളടച്ച് റേഷൻ വ്യാപാരികൾ 48 മണിക്കൂർ രാപകൽ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇന്നലെ ഉച്ചവരെ ആകെ തുറന്നത് 16 കടകൾ മാത്രം. വൈകിട്ടായപ്പോൾ അത് 51 ആയി. 14,183 റേഷൻ കടകളാണ് ആകെയുള്ളത്. 1,077 പേർക്കാണ് ഇന്നലെ സാധനം വാങ്ങാനായത്. സമരം ഇന്നുകൂടിയുണ്ട്.

റേഷൻ വ്യാപാരി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് രാപകൽ സമരം. മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെ‌‌ഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു.

വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക. കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക. ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.