നെടുമങ്ങാട്: ജില്ലയിലെ എസ്‌റ്റേറ്റുകളിൽ അവശേഷിക്കുന്ന തൊഴിലാളികളുടെ ലയങ്ങളും നാശത്തിലേക്ക്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ലയങ്ങൾ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മഴ പെയ്താൽ വെള്ളം കെട്ടിടങ്ങളുടെ ഉള്ളിലേക്കൊഴുകും. ജീർണാവസ്ഥയിലായ മേൽക്കൂരയും ചുമരുകളും കുതിർന്ന് വിള്ളൽ വീണ സ്ഥിതിയാണ്. ജീവൻ പണയംവച്ചാണ് തൊഴിലാളികൾ അന്തിയുറങ്ങുന്നത്. മഴക്കാലത്ത് ഇവരെ കിലോമീറ്ററുകൾ മാറി നാട്ടിൻപുറങ്ങളിലെ സ്കൂൾ കെട്ടിടങ്ങളിൽ പാർപ്പിക്കുകയാണ് പതിവ്. ബോണക്കാട്, മെർച്ചിസ്റ്റൺ, ബ്രൈമൂർ തുടങ്ങി പ്രമുഖ എസ്റ്റേറ്റുകളിലെല്ലാം അപകടത്തിലാണ്. കഴിഞ്ഞ വർഷം തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത സംഘം ബോണക്കാട് സന്ദർശിച്ച് തൊഴിലാളികളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കിയിരുന്നു. അപകടകരമായ സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നതെന്നും ലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുമെന്നും മന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്.
ആനുകൂല്യവും ഇല്ല
ബോണക്കാട് എസ്റ്റേറ്റ് രണ്ടു പതിറ്റാണ്ടായി പൂട്ടിക്കിടക്കുകയാണ്. തോട്ടം ഉടമകളുടെ കടുംപിടിത്തമാണ് പ്രശ്നപരിഹാരത്തിന് തടസം നിൽക്കുന്നതെന്ന് പരാതി ശക്തമായിട്ടുണ്ട്. ലോക്കൗട്ടായിരുന്ന ബ്രൈമൂർ തോട്ടം അടുത്തിടെ ഒത്തുതീർപ്പായെങ്കിലും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഇനിയും നൽകിയിട്ടില്ല.
തുക ഫ്രീസറിൽ
ബോണക്കാട് എസ്റ്റേറ്റിൽ 3 ഡിവിഷനുകളിലായി 171 തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ 71 കുടുംബങ്ങൾക്ക് സ്വന്തമായി വസ്തുവോ വീടോ ഇല്ല. 47 കുടുംബങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ എസ്റ്റേറ്റ് വിട്ടുപോകാനും വയ്യ. എസ്റ്റേറ്റ് നിലവിൽ ജപ്തി ഭീഷണിയുടെ നിഴലിലാണ്. പ്ലാന്റേഷൻ റിലീഫ് ഫണ്ട് ഇനത്തിൽ 2.69 കോടി രൂപ നീക്കിയിരിപ്പുണ്ട്. ഇതുപയോഗിച്ച് എസ്റ്റേറ്റ് ലയങ്ങൾ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 2.17 കോടി രൂപ ജപ്തി നടപടികളുടെ പശ്ചാത്തലത്തിൽ ഫ്രീസറിലാണ്.
ബ്രൈമൂറും
ബ്രൈമൂർ എസ്റ്റേറ്റിന്റെ സ്ഥിതിയും പരിതാപകരമാണ്. ഇവിടെ തൊഴിലാളികളുടെ ലയങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു നിലം പൊത്തിയ അവസ്ഥയാണ്. ഗ്രാമ്പു, ജാതിക്ക, കുരുമുളക്, റബർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. രണ്ടു വർഷത്തോളമായി കാർഷികാദായങ്ങൾ എടുക്കുന്നില്ല. 300 രൂപയാണ് തൊഴിലാളികൾക്ക് നൽകുന്ന വേതനം. ശുദ്ധജലം പോലും ലഭ്യമല്ല. കുരുന്നുകൾക്ക് അങ്കണവാടിയോ നഴ്സറിയോ ഇല്ല. ചികിത്സ ലഭിക്കണമെങ്കിൽ കിലോമീറ്റർ താണ്ടി പെരിങ്ങമ്മലയിൽ എത്തണം. നിലവിലെ ജീവനമാർഗം തൊഴിലുറപ്പ് മാത്രം.