വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് കൂറ്റൻ മദർഷിപ്പ് അടുക്കാൻ ഇനി ഒരു ദിനം മാത്രം. നാളെ രാത്രിയാണ് വിഴിഞ്ഞം പുറംകടലിൽ ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തുന്നത്. കപ്പലിൽ 22 ജീവനക്കരുണ്ടാവും. ഇതിൽ 5 പേർ ഇന്ത്യക്കാ‌ർ. ഒരാൾ മലയാളിയാണെന്നാണ് സൂചന. സാൻഫെർണാണ്ടോയുടെ ക്യാപ്റ്റൻ യുക്രെയിൻ സ്വദേശിയാണ്. 10ന് നങ്കൂരമിടുന്ന കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്നത് പ്രത്യേക ചാനൽ വഴിയാണ്. ഇതിന് വഴികാട്ടാനായി ടഗ്ഗുകളും കപ്പലിനിരുവശത്തുമായി അനുഗമിക്കും. അടിയന്തര സാഹചര്യമുണ്ടായാൽ നിയന്ത്രിക്കുന്നതിന് ടഗ്ഗിനെ റോപ്പുമായി ബന്ധിപ്പിച്ചിരിക്കും. ഷിപ്പിൽ നിന്നു കണ്ടയ്നർ ഇറക്കുന്നത് മന്ത്രിമാരായ വാസവൻ, സജി ചെറിയാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും. 11 നാണ് അൺ ലോഡിംഗ് തുടങ്ങുന്നത്. ഈ സമയം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

ആദ്യ കണ്ടയ്നർ കപ്പലിനെ സ്വാഗതം ചെയ്യുന്നതിന് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കുമായി തയ്യാറാകുന്നത് കൂറ്റൻ പന്തലാണ്. ഗേറ്റ് കോംപ്ലക്സിനുള്ളിൽ കടൽ തീരത്താണ് 5000 പേർക്കുള്ള പന്തൽ. പൊതുജനത്തിന് കപ്പൽ കാണാനാകും. അടുത്തുകാണാനായി വലിയ സ്ക്രീൻ തയ്യാറാക്കും. സമ്മേളന വേദിയിൽ മുൻനിരയിൽ പാസ് ലഭ്യമായിട്ടുള്ള വി. ഐ. പി,വി.വി.ഐ.പികൾക്കാകും ഇരിപ്പിടം. പൊതുജനങ്ങൾക്ക് പാസ് ആവശ്യമില്ല.