arif

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബില്ലുകൾ പാസാക്കിയതെന്ന് വിലയിരുത്തി ആഴ്ചകളോളം ഗവർണർ ബിൽ തടഞ്ഞു വച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയും നിയമസഭയിൽ ചർച്ച ചെയ്യാതെയും പ്രതിപക്ഷത്തിന്റേതടക്കം ഭേദഗതികൾ പരിഗണിക്കാതെയുമാണ് ബില്ലുകൾ പാസാക്കിയതെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു.

ഗവർണർ ബില്ലുകൾ ഒപ്പിടുന്നതിന് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. വാർഡ് വിഭജനത്തിന് ഒരു വർഷമെടുക്കുമെന്നതിനാൽ പ്രാരംഭനടപടികൾ തുടങ്ങുന്നുവെന്നാണ് സർക്കാർ രാജ്ഭവനെ അറിയിച്ചത്. ബില്ലുകൾ രാജ്ഭവനിലെത്തിക്കും മുൻപേ കമ്മിഷന് ഓഫീസ് തുറക്കാനും സെക്രട്ടറിയെ നിയമിക്കാനും ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കാനും സർക്കാർ നടപടി തുടങ്ങിയിരുന്നു. ഇതെല്ലാം ഭരണപരമായ നടപടികളാണെന്നാണ് ഗവർണറോട് വിശദീകരിച്ചത്.

ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വാർഡ് വീതം കൂട്ടാനാണ് ബിൽ. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. ഒരു വാർഡ് കൂട്ടാൻ എല്ലാസവാർഡുകളുടെയും അതിർത്തി പുനർനിർണയിക്കേണ്ടിസവരും. ഭരണം പിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡുകൾ . നിയമഭേദഗതിയോടെ 1200 വാർഡുകൾ കൂടും. ഇവർക്ക് ഓണറേറിയം നൽകാൻ 5 വർഷം 67കോടി വേണ്ടി വരും. കൂടുതൽ പേർക്ക് പ്രാദേശികഭരണത്തിൽ കടന്നുവരാൻ അവസരമുണ്ടാവുമെന്നും അതിലൂടെ വികസനത്തിൽ കൂടുതൽ ജനപ്രാതിനിധ്യം ഉറപ്പിക്കാമെന്നുമാണ് സർക്കാരിന്റെ വാദം.