ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഒഴിവാക്കും
തിരുവനന്തപുരം: വിവരാവരാശ കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാസ്‌കാരിക വകുപ്പ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ എഡിറ്റ് ചെയ്‌ത ഭാഗമായിരിക്കും പുറത്തുവിടുക. മൊഴി നൽകിയവരുടെ പേര് മാത്രമല്ല, ആർക്കെതിരെയാണോ മൊഴി അവരുടെ പേരുവിവരങ്ങളും ഒഴിവാക്കുമെന്നാണ് വിവരം.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് സെക്രട്ടറിക്കാണ് റിപ്പോർട്ട് എഡിറ്റു ചെയ്യേണ്ട ചുമതല. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടിരുന്നെങ്കിലും കമ്മിറ്റി റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49),81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് വ്യക്തമാക്കിയത് ഫലത്തിൽ സാംസ്‌കാരിക വകുപ്പിന് സഹായമായി.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ഭാഗങ്ങളിലുള്ളതെന്നാണ് സൂചന. ഇതൊഴിവാക്കുകയും പേര് വിവരങ്ങൾ ഇല്ലാതാകുകയും ചെയ്യുമ്പോൾ റിപ്പോർട്ടിൽ പിന്നെ അവശേഷിക്കുന്നത് പേരും ഊരുമില്ലാത്ത ചില മൊഴികളും നിരീക്ഷണങ്ങളും ശുപാർശകളും മാത്രമാകും.