തിരുവനന്തപുരം: ലുലുമാളിൽ നിന്നു 5.20 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 4 പേരടക്കം 9 താൽക്കാലിക ജീവനക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വള്ളക്കടവ് സ്വദേശികളായ അജ്മൽ (18) ഇജാസ് ഖാൻ (18), സെയ്‌ദാലി (18), ഉനൈസ് (18), ബീമാപള്ളി സ്വദേശി നിയാസ് ഖാൻ (18) എന്നിവരെയാണ് പേട്ട പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. മാളിൽ 50 ശതമാനം വിലകിഴിവിൽ നടത്തിയ വ്യാപാര മേളയുടെ ഭാഗമായി 4 ദിവസത്തേക്കു താൽക്കാലികമായി ജോലിക്കെടുത്തവരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണം. ലുലുകണക്ട‌ിലെ സ്റ്റോർ ഏരിയയിൽ സൂക്ഷിച്ചിരുന്ന 85, 000 രൂപ വിലവരുന്ന 14 മൊബൈൽ ഫോണുകളിൽ 6 എണ്ണമാണ് ഇവർ കടത്തിയത് . മാളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.