പോത്തൻകോട്: ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് കഴിഞ്ഞ ദിവസം പട്ടാപ്പകൽ തുമ്പ നെഹ്റു ജംഗ്ഷനിൽ രണ്ടുപേർക്ക് നേരെ നാടൻ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാളെ തുമ്പ പാെലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് സ്കൂട്ടറിലെത്തിയ നാലംഗ സംഘത്തിലുണ്ടായിരുന്ന കഴക്കൂട്ടം മേനംകുളം ആറാട്ട് വഴിയിൽ പുതുവൽ പുത്തൻവീട്ടിൽ ഷെബിൻ ബാബു (28) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിൽകുമാറിന്റെ കൂട്ടാളിയാണ് ഷെബിൻ ബാബു. ഗുണ്ടാക്രമണം, പടക്കമേറ്, അടിപിടി, ഭവന ഭേദനം തുടങ്ങി 17 കേസുകൾ ഷെബിനെതിരെ തുമ്പ - കഴക്കൂട്ടം സ്റ്റേഷനുകളിലുണ്ട്. നെഹ്റു ജംഗ്ഷനു സമീപം ഇടറോഡിൽ ഞായറാഴ്ച പട്ടാപ്പകലാണ് ഗുണ്ടാനേതാവ് കൂടിയായ സുനിലിന്റെ നേതൃത്വത്തിൽ രണ്ടു സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം റോഡിൽ നിന്ന നെഹ്റുജംഗ്ഷൻ സ്വദേശികളായ അഖിൽ (23), വിവേക് (27) എന്നിവർക്കു നേരെ നാടൻ ബോംബുകൾ വലിച്ചെറിഞ്ഞത്. സ്ഫോടനത്തിൽ അഖിലിന്റെ വലതു കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു. വിവേകിന്റെ വലതു കൈയ്ക്കും പരിക്കുണ്ട്. കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് അടുത്തകാലത്താണ് അഖിൽ ജയിലിൽ നിന്നിറങ്ങിയത്. സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നും മുഖ്യപ്രതി സുനിൽ ഉൾപ്പെടെ മറ്റു മൂന്ന് പേരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവർക്കായി തുമ്പ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.