പാറശാല: റോഡ് പുനരുദ്ധാരണത്തിലെ അനാസ്ഥയിൽ വാർഡിലെ 450 ഓളം കുടുംബങ്ങൾ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. പാറശാല ഗ്രാമ പഞ്ചായത്തിലെ എസ്.സി വിഭാഗത്തിലെ കുടുംബങ്ങളുൾപ്പെടുന്ന മേഖലയിലെ നാട്ടുകാരാണ് ദുരിതത്തിൽ കഴിയുന്നത്.
പ്രദേശത്ത് കൂടുതലായും താമസിക്കുന്ന കൂലിപ്പണിക്കാരും സാധാരണക്കാരുമായ ജനങ്ങൾ ദിവസവും ആശ്രയിക്കുന്ന പഞ്ചായത്ത് റോഡുകളാണ് തകർന്ന് കിടക്കുന്നത്.
കുറുങ്കുട്ടി ശ്രീധർമ്മ ശാസ്താക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് മാടവിള വരെ നീളുന്ന രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള ഭൂതത്താൻ തമ്പുരാൻ റോഡ്, ഇടിച്ചക്കപ്ലാമൂട് നിന്നും ആരംഭിച്ച് മണലിവിള -കുറുങ്കുട്ടി വരെ നീളുന്ന ഒരു കിലോമീറ്ററോളം വരുന്ന മണലിവിള റോഡ്, കുഴിഞ്ഞാൻവിള എ.ജി ചർച്ച് പരിസരത്ത് നിന്നും ആരംഭിക്കുന്ന 800 മീറ്ററോളം ദൂരമുള്ള ചർച്ച് റോഡ് എന്നിവയാണ് വർഷങ്ങളായി തുടരുന്ന അധികൃതരുടെ അനാസ്ഥയിൽ തകർന്നുകിടക്കുന്നത്.
വിളക്കുകളും കത്തുന്നില്ല
കുണ്ടും കുഴികളും കൊണ്ട് നിറഞ്ഞ റോഡിൽ ചിലയിടങ്ങളിലായി തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും മാസങ്ങളായിട്ട് കത്തുന്നില്ല. സന്ധ്യ കഴിഞ്ഞാൽ ഇതുവഴിയുള്ള യാത്രയും ബുദ്ധിമുട്ടേറിയതാണ്.
അധികൃതർ കണ്ണുതുറക്കണം
പ്രദേശം ബസ് റൂട്ട് അല്ലെങ്കിലും നാട്ടുകാരുടെ വകയായ സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നവർ അപകടത്തിൽ പെടാതിരിക്കുന്നതിനും കാൽനട യാത്രക്കാർ കുഴികളിൽ വീഴാതെ സ്വൈരമായി സഞ്ചരിക്കുന്നതിനുമുള്ള അവസരമൊരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വാർഡിലെ വനിതാ പ്രതിനിധിയും പഞ്ചായത്ത് അംഗവുമായ താരയോട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചെങ്കിലും അധികൃതർ കൈയൊഴിയുകയാണ് ചെയ്യുന്നതെന്ന് ആരോപിക്കുന്നു. റോഡുകൾ മൂന്നും സഞ്ചാരയോഗ്യമാക്കണമെങ്കിൽ 50 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. എന്നാൽ 15 ലക്ഷം രൂപ മാത്രമേ ഈവർഷം അനുവദിക്കാനാകൂവെന്നാണ് ഭരണസമിതിയുടെ പക്ഷം.
നാട്ടുകാരുടെ പരാതികൾക്ക് പരിഹാരമായി റോഡുകൾ പുനരുദ്ധരിച്ചും തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ചും സഞ്ചാരയോഗ്യമാക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി വിട്ടുവീഴ്ച ചെയ്ത് വേണ്ടത്ര നടപടികൾ കൈക്കൊള്ളണം-
താര.എസ്, വാർഡ് മെമ്പർ, കീഴത്തോട്ടം.